സഹപ്രവര്‍ത്തകരെ ആക്രമിച്ച മണല്‍മാഫിയക്ക് പോലീസുകാരന്റെ എസ്‌കോര്‍ട്ട്.

തിരൂര്‍:മണല്‍മാഫിയ പോലീസിനെ ആക്രമിച്ച തിരൂരില്‍ മണല്‍ വണ്ടിക്ക് പോലീസുകാരന്റെ എസ്‌കോര്‍ട്ട്. ഇയാള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് തിരൂര്‍ പോലീസ് ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കി. കുറ്റിപ്പുറം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുറസാഖിനെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഞായറാഴ്ച പുലര്‍ച്ചെ തിരുന്നാവായയില്‍ ഭാരതപുഴയില്‍ നിന്ന് അനധികൃതമായി കടത്തുതയായിരുന്ന മണല്‍ലോറിയിലാണ് പോലീസുകാരന്‍ അകമ്പടി പോയത്. മണലിറക്കി അതെ വാഹനത്തില്‍ തിരിച്ച് കടവിലെത്തിയപ്പോള്‍ കടവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തിരൂര്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുറസാഖിനെ തിരിച്ചറിഞ്ഞതും ഇയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതും.

കഴിഞ്ഞയാഴ്ചയാണ് പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍വെച്ച് രണ്ട് സിവില്‍പോലീസ് ഓഫീസര്‍മാരെ മണല്‍മാഫിയ സംഘം ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചത്. ഇവര്‍ ആശുപത്രി വിടുംമുമ്പ് സേനയില്‍ പെട്ടവര്‍തന്നെ മണല്‍മാഫിയക്ക് വേണ്ടി ഓശാനപാടുന്നത് അധികാരികളെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.