സല്യൂട്ട് ചെയ്യാത്തതിന് പീഢനം; കോടതി വിശദീകരണം തേടി

സല്യൂട്ട് ചെയ്യാത്തതിന് കോണ്‍സ്റ്റബിളിനെ പീഢിപ്പിച്ചെന്ന പരാതിയിന്‍മേല്‍ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സെജു പി.കുരുവിളയോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് സിക്രിയും ജസ്റ്റിസ് രാജീവ് ഷാ എന്‍ലോ യും അടങ്ങിയ ഹൈക്കോടതി ബഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഫെബ്രുവരി 15നകം വിശദീകരണം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ ദിനേശ്കുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനോട് ചൊവ്വാഴ്ച്ച പട്ട്യാല കോടതി വളപ്പിനുചുറ്റും തലകുത്തി മറിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ന്യൂഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ സെജു പി.കുരുവിള. പോലീസുകാരന്‍ തല കുത്തിമറിയുന്നത് ഒരഭിഭാഷകന്‍ മൊബൈലില്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയതോടെയാണ് സംഭവം വിവാദമായത്.

കര്‍ക്കശമായ പെരുമാറ്റത്തെ ചൊല്ലി സെജു പി.കുരുവിള, മുന്‍പും അച്ചടക്ക കുരുക്കുകളില്‍ ചെന്ന് ചാടിയിരുന്നു.