സര്‍വ്വകലാശാലയെ ഭരിക്കുന്നത് ഭയം ; ഡോ. കെ.എന്‍ പണിക്കര്‍

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാലയെ ഇന്ന് ഭരിക്കുന്നത് ഭയമാണ് എന്ന് പ്രമുഖ ചരിത്രകാന്‍ ഡോ. കെ.എന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു. ‘പത്തമ്പത് കൊല്ലത്തോളം വരുന്ന അധ്യാപക ജീവിതത്തിനിടയില്‍ ഇത്രത്തോളം ലജ്ജയോടെ ഒരു സെമിനാറില്‍ പ്രഭാഷണം നിര്‍വ്വഹിക്കേണ്ടി വന്നിട്ടില്ല’. കോഴിക്കോട് സര്‍വ്വകലാശാല സ്റ്റുഡന്റ് ട്രാപ്പില്‍ ആള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസേസിയേഷന്റെയും, ക്യാമ്പസ് സാംസ്‌കാരിക കൂട്ടായിമയുടെയും ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാല സംസ്കാരത്തെ കുറിച്ച് നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

നേരത്തെ പരിപാടിക്കായി പന്തല്‍ കെട്ടുന്നതിനിടെ പോലീസ് സംഘാടകരെ അനുമതി നിഷേധിച്ചിരുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് പരിപാടിയുമായി മുന്നോട്ടുപേവാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

സര്‍വ്വകലാശാലാ ക്യാമ്പസിനെ പോലീസ് ക്യാമ്പായി മാറ്റുന്ന വൈസ്ചാന്‍സിലറുടെ നടപടികളെ കെ എന്‍ പണിക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. അധികാരികളുടെ ആത്മവിശ്വാസ കുറവാണ് ഇത്തരം നിരോധനങ്ങളിലൂട പ്രകടമാകുന്നതെന്നും സെമിനാറുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന വൈസ്ചാന്‍സിലര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് ഇവിടെ വന്നിരുന്ന് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലാകുകയാണെന്ന് കെ.എന്‍ പണിക്കര്‍ പറഞ്ഞു.

കെ.എന്‍ ഗണേഷ് അധ്യക്ഷത വഹിച്ചു. ഡോ.അനില്‍ കെ. എം, ഡോ.സുഹറ എ്ന്നിവര്‍ സംസാരിച്ചു.