സര്‍വ്വകലാശാലയുടെ ഭൂമി ദാനം ചെയ്തത് ഇടതുസര്‍ക്കാറുകള്‍ : ടി.വി. ഇബ്രാഹിം

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല അനധികൃതമായി ഭൂമി ദാനം ചെയ്തുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സിന്‍ഡിക്കറ്റ് അംഗവും മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ ടി.വി. ഇബ്രാഹിം പറഞ്ഞു. സര്‍വ്വകലാശാലയെ മോശമായി ചിത്രീകരിക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ള ശ്രമങ്ങളാണ് ചില ഭാഗങ്ങളില്‍നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വകലാശാലകളുടെ ഭൂമി ദാനം ചെയ്തത് ഇടതുസര്‍ക്കാരുകളും അവരുടെ സിന്‍ഡിക്കറ്റുകളുമാണെന്ന വസ്തുത മറച്ചുവെച്ചാണ് കാലിക്കറ്റ് സര്‍വ്വകലാശാലക്കെതിരെ തിരിയുന്നത് എന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

 
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്ഥാപകനായ സി.എച്ച്. മുഹമ്മദ്‌കോയയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സി.എച്ച്. ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ ഗ്രേസ് അസോസിയേഷന്‍ നാല് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. രാജ്യാന്തര നിലവാരമുള്ള ഗവേഷണ കേന്ദ്രം, അത്യാധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രം, വിപുലമായ റഫറന്‍സ് ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതി സര്‍വ്വകലാശാലക്ക് ലഭിച്ചു. ഇത് അംഗീകരിച്ച് നടപടി ക്രമങ്ങള്‍ പാലിക്കുക മാത്രമാണ് സര്‍വ്വകലാശാല ചെയ്തത്.
ട്രസ്റ്റുകള്‍ക്ക് നല്‍കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശവും സര്‍വ്വകലാശാലയില്‍ നിക്ഷിപ്തമായിരിക്കും, ഇതിന്റെ ഭരണചുമതല അതാത് കാലത്തെ വൈസ് ചാന്‍സലര്‍ ചെയര്‍മാനായുള്ള, സിന്‍ഡിക്കറ്റ് അടങ്ങുന്ന സമിതിക്ക് ഭൂരിപക്ഷമുള്ള ഗവേണിങ്ങ് ബോഡിക്ക് ആയിരിക്കും, ഇത്തരം വസ്തുതകള്‍ മറച്ചുവെച്ച് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മുസ്‌ലിംലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്കും ട്രസ്റ്റിനും ഭൂമി നല്‍കുന്നതായുള്ള പ്രചരണങ്ങള്‍ നടത്തുന്നത് ദുഷ്ടലാക്കോടെയാണ്. കേരളീയര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനാണ് സര്‍വ്വകലാശാല ഈ തീരുമാനങ്ങള്‍ റദ്ദാക്കിയത്. വിവാദങ്ങളിലൂടെ വികസനങ്ങള്‍ മുടക്കുന്നവര്‍ സര്‍വ്വകലാശാലക്കും വരുംതലമുറക്കും ഉണ്ടാവുമായിരുന്ന വലിയ സാധ്യതകള്‍ക്കാണ് കത്തിവെച്ചതെന്ന് ഓര്‍ക്കണമെന്നും ടി.വി. ഇബ്രാഹിം പറഞ്ഞു.