സര്‍വകലാശാല-ഗ്രാമപഞ്ചായത്ത്‌ സഹകരണം: വൈസ്‌ ചാന്‍സലറും പഞ്ചായത്ത്‌ പ്രസിഡന്റുമാരും ചര്‍ച്ചനടത്തി

University VC Dr.K.Mohammed Basheer discussing various issues with various Panchayath Presidentsതേഞ്ഞിപ്പലം: സര്‍വകലാശാല സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളിലെ ഭാരവാഹികളുമായി കാലിക്കറ്റ്‌ സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ്‌ ബഷീര്‍ വിവിധ വികസന പദ്ധതികളെ കുറിച്ച്‌ ചര്‍ച്ചനടത്തി. തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫിയ റസാഖ്‌, പള്ളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിഥുന, പഞ്ചാത്ത്‌ അംഗം സാബിറ, ചേലേമ്പ്ര പഞ്ചായത്ത്‌ അംഗമായ രാജേഷ്‌ എന്നിവരും സര്‍വകലാശാലാ രജിസ്‌ട്രാര്‍ ഡോ.ടി.എ.അബ്‌ദുല്‍ മജീദും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍.എസ്‌.എസിന്റെ സഹകരണത്തോടെ സര്‍വകലാശാല നടപ്പാക്കുന്ന സ്വച്ഛകാമ്പസ്‌, സ്വച്ഛഭാരത്‌ പദ്ധതിയുടെ പ്രയോജനം മൂന്ന്‌ പഞ്ചായത്തുകള്‍ക്കും ലഭിക്കുന്നതിന്‌ നടപടിയെടുക്കും. ലൈഫ്‌ലോങ്ങ്‌ ലേണിംഗ്‌, സൈക്കോളജി, ബോട്ടണി തുടങ്ങിയ പഠനവകുപ്പുകളുടെ വിദഗ്‌ധ സേവനം പഞ്ചായത്തുകള്‍ക്ക്‌ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കും. സാക്ഷരത, കൗണ്‍സലിംഗ്‌, പ്രസംഗപരിശീലനം, സസ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. എന്‍.സി.സിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ആശങ്കയകറ്റുന്നതിന്‌ യോഗം വിളിക്കുമെന്നും ഡോ.കെ.മുഹമ്മദ്‌ ബഷീര്‍ അറിയിച്ചു. കാമ്പസില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധചെലുത്തണമെന്ന്‌ വൈസ്‌ ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു. സര്‍വകലാശാലയുടെ വിദഗ്‌ധസേവനം പൊതുജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പ്രൊജക്‌ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാമെന്ന്‌ പഞ്ചായത്ത്‌ ഭാരവാഹികള്‍ പറഞ്ഞു. സമീപസ്ഥ പഞ്ചായത്തുകള്‍ക്കായി ഇത്തരം ഒരു യോഗം വിളിച്ചുചേര്‍ത്തതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി.