സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കുമെന്ന് നരേന്ദ്ര മോദി

സഹാറന്‍പൂര്‍: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതില്‍ നിന്ന് ആറുപത്തിയഞ്ച് വയസായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മാസവും ഒന്‍പതാം തീയ്യതി രാജ്യത്തെ ഡോക്ടര്‍മാര്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കണം. അത്തരത്തില്‍ വര്‍ഷത്തില്‍ 12 ദിവസമെങ്കിലും സൗജന്യ സേവനത്തിനായി മാറ്റി വയ്ക്കണമെന്ന് രാജ്യത്തെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നതായും മോദി പറഞ്ഞു.

താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലെന്നും പ്രധാന സേവകനാണെന്നും മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

2022 ആകുമ്പോൾ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കർഷകർക്ക് വാഗ്ദാനങ്ങളുടെ അപ്പക്കഷണങ്ങൾ എറിഞ്ഞ് കൊടുത്തിട്ട് കാര്യമില്ല. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നതെന്നും മോദി പറഞ്ഞു. നമ്മുടെ രാജ്യം മാറുകയാണെന്നും എന്നാൽ ചിലയാളുകൾ അതിന് മുതിരുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു

കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് രണ്ടാഴ്ച നീളുന്ന പ്രചരണപരിപാടികള്‍ക്കാണ് ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രചരണ പരിപാടികള്‍ക്ക് ഉത്തര്‍പ്രദേശ് വേദിയായത്.