സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന സന്ദര്‍ശകരെ ദൈവതുല്യരായി കാണണം-പബ്ലിക്‌ റിലേഷന്‍സ്‌ സെമിനാര്‍

മലപ്പുറം: സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ ദൈവതുല്യരായി കാണണമെന്നും അവരുടെ സന്ദര്‍ശനലക്ഷ്യം സാധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മര്യാദപൂര്‍വം വിശ്വസനീയമായ മറുപടി നല്‍കുന്നതാണ്‌ മികച്ച പബ്ലിക്‌ റിലേഷന്‍സ്‌ പ്രാക്‌ടീസെന്നും വിവിധ വകുപ്പുകളിലെ ജിവനക്കാര്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ വിവിധ വകുപ്പിലെ ജീവനക്കാര്‍ക്കായി നടത്തിയ പബ്ലിക്‌ റിലേഷന്‍സ്‌ പരിശീലനത്തിലൊടുവിലെ സംവാദത്തിലാണ്‌ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പബ്ലിക്‌ റിലേഷന്‍സിന്‌ വിവിധ നിര്‍വചനങ്ങള്‍ നല്‍കിയത്‌.

ഇന്‍ഫര്‍മേഷന്‍-പബ്‌ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മുന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി. വേലായുധനാണ്‌ ക്ലാസെടുത്തത്‌. സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളിലെത്തിക്കുന്നതിന്‌ ഉദ്യോഗസ്ഥരുടെ പബ്ലിക്‌-റിലേഷന്‍സ്‌ എത്രത്തോളം അനിവാര്യമാണെന്നതിനെ സംബന്ധിച്ചായിരുന്നു ക്ലാസ്‌. ഉദ്യോഗസ്ഥന്‍ എന്തെങ്കിലും വിവരം മറച്ച്‌ വെയ്‌ക്കുന്നുവെന്ന്‌ തോന്നിയാലും അപമര്യാദയുമായി പെരുമാറിയാലുമാണ്‌ ജനം വിപരീത രീതിയില്‍ പ്രതികരിക്കുകയെന്ന്‌ അഭിപ്രായമുണ്ടായി. സജീവ പബ്ലിക്‌ റിലേഷന്‍സിനൊപ്പം തന്നെ നോട്ടീസ്‌ ബോര്‍ഡുകളിലൂടെയും ഡിസ്‌പ്ലെ ചാര്‍ട്ടിലൂടെയും അതത്‌ ഓഫീസുകളുടെ സേവനം വിവരിക്കുന്ന പാസീവ്‌ പബ്ലിക്‌ റിലേഷന്‍സിന്റെ അനിവാര്യത സേവനാവകാശ നിയമ പ്രകാരം നിഷ്‌കര്‍ഷിക്കുന്നതിന്റെ പ്രാധാന്യവും ചര്‍ച്ചയായി. ഓരോ ജീവനക്കാരും മികച്ച പബ്ലിക്‌ റിലേഷന്‍സ്‌ പേഴ്‌സനായാല്‍ ഭരണം സുതാര്യവും മികച്ചതുമാവും. തദേശ സ്വയംഭരണ സഥാപനങ്ങളിലും ക്ഷേമനിധി ബോര്‍ഡുകളിലുമെത്തുന്നവരുമായി ഇടപഴകുന്നതിനുള്ള സൂത്രവാക്യങ്ങളും ചര്‍ച്ച ചെയ്‌തു. സാധാരണ ഒരു വിവരമന്വേഷിച്ച്‌ വരുന്ന വ്യക്തിയോട്‌ മര്യാദപൂര്‍വം മറുപടി നല്‍കിയാല്‍ വിവരാവകാശ നിയമപ്രകാരം കത്തുകള്‍ ലഭിക്കുന്നത്‌ കുറയുമെന്നും ബ്യൂറോക്രസിയെന്ന വാക്കിന്റെ ഭാവവും നിര്‍വചനവും മാറ്റിയെടുക്കേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്‌, ഉദ്യോഗസ്ഥര്‍ സംസാരിച്ചു.