സര്‍ക്കാര്‍ ഓഫീസുകളിലും പൊതു പരിപാടികളിലും ഹരിത മാര്‍ഗരേഖ നടപ്പാക്കും

സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പൊതു പരിപാടികളിലും ഹരിത മാര്‍ഗരേഖ (ഗ്രീന്‍ പ്രോേട്ടാക്കോള്‍) നടപ്പാക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്വയം ഭരണവകുപ്പ് അധ്യക്ഷന്‍മാരുടെ യോഗം തീരുമാനിച്ചു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുതിനായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ‘ഡിസ്‌പോസിബിള്‍ ഫ്രീ’ ആക്കുതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇതിനായി ഓരോ ഗ്രാമ പഞ്ചായത്ത് വാര്‍ഡിനും 25000 രൂപ വീതം നല്‍കും. ശുചിത്വ മിഷന്‍ 10000 രൂപയും എന്‍.എച്ച്.എം പദ്ധതിയില്‍ 10000 രൂപയും നല്‍കും. തദ്ദേശ സ്ഥാപനം 5000 രൂപ പ്രവര്‍ത്തനത്തിനായി നീക്കിവക്കും.
വെള്ളിയാഴ്ചകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ചകളില്‍ ഓഫീസുകള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഞായറാഴ്ചകളില്‍ വീടുകള്‍, പരിസരപ്രദേശങ്ങള്‍ എിവടങ്ങളിലും ഡ്രൈ ഡേ ആചരിക്കും. ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച ഭവന സന്ദര്‍ശനം നടത്തും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിച്ച് പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറാനും നിര്‍ദ്ദേശം നല്‍കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ഡി.എം.ഒ ഡോ. സക്കീന എന്നിവര്‍ വിഷയം അവതരിപ്പിച്ചു. വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.