സര്‍ക്കാരുമായി കരാറൊപ്പിടാത്ത സ്വാശ്രയ കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും;ആരോഗ്യമന്ത്രി

k k shylajaതിരുവനന്തപുരം:മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി സര്‍ക്കാരുമായി കരാറൊപ്പിടാത്ത മൂന്ന് സ്വശ്രയ കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു.

ഇതില്‍ കെഎംസിടി മെഡിക്കല്‍ കോളേജിനെതിരെ ഇന്നുതന്നെ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.കൂടാതെ പ്രവേശനവുമായി ബന്ധപ്പെട്ട് എതെങ്കിലും കോളേജുകള്‍ തലവരി പണം വാങ്ങുകയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. തലവരി വാങ്ങിയതിനെ കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്ത് നിന്ന് വി ടി ബലറാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സ്വാശ്രയ കോളേജുകള്‍ പ്രവേശനത്തിന് തലവരി പണം വാങ്ങുന്നതിനെ കുറിച്ചും ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിക്കുന്ന എംഎല്‍എമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുമാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.സ്വാശ്രയ പ്രശ്നത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിപക്ഷം സഭയില്‍ ബഹളം തുടരുന്നത്. പ്ളകാര്‍ഡുകളും കറുത്ത ബാഡ്ജുമായാണ് ഇന്നും യുഡിഎഫ്  അംഗങ്ങള്‍ എത്തിയത്.