സരിത.എസ്‌ നായരുടെ കത്ത്‌ പുറത്ത്‌: മുഖ്യമന്ത്രി ലൈംഗീകമായി പീഡിപ്പിച്ചു

saritha-nairകൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത് വന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്‌തെന്ന് കത്തില്‍ സരിത പറയുന്നുണ്ട്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്ന് എഴുതിയ കത്ത് തന്റേത് തന്നെയെന്ന് സരിത പറയുന്നു. പിതൃതുല്യനായ ഒരാളില്‍ നിന്ന് താനിത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സരിത വ്യക്തമാക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിലൂടെ പുറത്ത് വന്ന കത്ത് തന്റേത് തന്നെയെന്ന് സരിത പറഞ്ഞു.

2013 ജൂലൈ 19-ന് പെരുമ്പാവൂരില്‍ വെച്ചാണ് സരിത ഈ കത്തെഴുതിയത്. പുറത്തു പറയാന്‍ കഴിയാത്ത പല സംഭവങ്ങളും ഉണ്ടായിരുന്നതിനാലാണ് കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍ കൈമാറാതിരുന്നതെന്ന് സരിത പറയുന്നു. കത്തിനെ കുറിച്ച് സോളാര്‍ കമ്മീഷന് മുന്നില്‍ പരാമര്‍ശിച്ചെങ്കിലും കത്ത് കൈമാറാന്‍ തയ്യാറായിരുന്നില്ല. വ്യക്തിപരമായി തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ പിന്നീട് ഇക്കാര്യത്തെ കുറിച്ച് കമ്മീഷന് മുന്നില്‍ പറഞ്ഞിട്ടില്ല.

ഒരു മുന്‍ കേന്ദ്രമന്ത്രിയടക്കം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് സരിതയുടെ കത്തിലുണ്ട്. ഒരു മന്ത്രിയുടെ പിഎക്കെതിരെയും സരിതയുടെ കത്തില്‍ പരാമര്‍ശമുണ്ട്.തനിക്ക് സാമ്പത്തികമായും മാനസികമായും ശാരീരികമായും ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരിത കത്തില്‍ പറയുന്നു.സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടിയ പലരും പിന്നീട് കൈയ്യൊഴിഞ്ഞു. കോടികള്‍ തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ മുഖ്യമന്ത്രി പോലും തന്നെ അറിയില്ല എന്നു വരെ പറഞ്ഞു.

അതേസമയം സരിതയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നിലെ ഗൂഢശക്തികളെ കുറിച്ച് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles