സരിതയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. സരിതയെ കൂടാതെ ഏഷ്യാനെറ്റ്, കൈരളി പീപ്പിള്‍ ചാനലുകളിലെ രണ്ടു വീതം മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സിജെഎം കോടതിയില്‍ ഉമ്മന്‍ചാണ്ടി കേസ് ഫയല്‍ ചെയ്തത്. സരിതയുടെ കത്ത് പുറത്തു വിട്ട മാധ്യമങ്ങളും തന്നെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചതു തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ഹര്‍ജിയില്‍ കോടതി മെയ് 28ന് വാദം കേള്‍ക്കും.