സമാധാനപരമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തണം: ജില്ലാ കലക്‌ടര്‍

ജില്ലയില്‍ സമാധാന പൂര്‍ണമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്താന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ സഹകരിക്കണമെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി അഭ്യര്‍ഥിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലാത്ത തെരഞ്ഞെടുപ്പിന്‌ എല്ലാവരുടെയും പിന്തുണ വേണം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും പൂര്‍ണമായി പാലിക്കണം. സംഘര്‍ഷങ്ങള്‍ക്ക്‌ സാഹചര്യമൊരുക്കരുത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്താന്‍ പാടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിശദീകരിക്കുന്നതിന്‌ വിളിച്ചു ചേര്‍ത്ത ജില്ലയിലെ അംഗീകൃത രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്‌ടര്‍.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ നോഡല്‍ ഓഫീസര്‍മാര്‍ക്കു കീഴില്‍ വിവിധ വിഭാഗങ്ങളും സ്‌ക്വാഡുകളും രൂപവത്‌ക്കരിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും സംശയദൂരീകരണം നടത്തുന്നതിന്‌ ജില്ലയില്‍ മൂന്നംഗ പ്രത്യേക വിങിന്‌ രൂപംനല്‍കിയതായും കലക്‌ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും 18004254960 ടോള്‍ഫ്രീ നമ്പറില്‍ ഇവരെ ബന്ധപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാലും പൊതുജനങ്ങള്‍ക്ക്‌ ട്രോള്‍ ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. കലക്‌റ്ററേറ്റിലെ ഇലക്ഷന്‍ വിഭാഗത്തോടനുബന്ധിച്ച്‌ ഇതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്‌.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്‌ പ്രത്യേക ബാങ്ക്‌ എക്കൗണ്ട്‌ വേണമെന്നും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും കലക്‌ടര്‍ പറഞ്ഞു. 28 ലക്ഷമാണ്‌ ഒരു സ്ഥാനാര്‍ഥിക്ക്‌ ചെലവഴിക്കാവുന്ന പരമാവധി തുക. ഫലം വന്ന്‌ 30 ദിവസത്തിനകം കണക്ക്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നല്‍കണം. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങുന്ന ഏപ്രില്‍ 20 നകം ചെലവ്‌ നിരീക്ഷകന്‍ ജില്ലയിലെത്തും. അഞ്ച്‌ നിയോജക മണ്‌ഡലങ്ങള്‍ക്ക്‌ ഒരു നിരീക്ഷകനും ഒരു സഹനിരീക്ഷകനും വീതമുണ്ടാകും. പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കണക്കാക്കുന്നതിന്‌ പ്രത്യേക നിരക്ക്‌ പട്ടിക തയ്യാറായതായും മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന്‌ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്‌ മോണിറ്ററിങ്‌ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കലക്‌ടര്‍ അറിയിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ സി.വി. സജന്‍ പങ്കെടുത്തു.