സമരമുഖം തീര്‍ത്ത് മനുഷ്യസാഗരം; ചേര്‍ത്തുപിടിച്ച കരങ്ങള്‍ തീരദേശത്ത് രണാങ്കണം തീര്‍ത്തു

തിരു : പ്രതിഷേധ തിരമാലകള്‍ തീര്‍ത്ത് അറബിക്കടലോരത്ത് മനുഷ്യസാഗരമിരമ്പി. ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റുമരിച്ച അജീഷ് പിങ്കിന്റെ നാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍ തുറമുതല്‍ മഞ്ചേശ്വരം വരെ 610 കി.മി നീളത്തില്‍ വൈകീട്ട് 5 മണിക്ക് കേരള ജനത ഒറ്റമനസ്സായി കൈകോര്‍ത്തപ്പോള്‍ പാവപ്പെട്ട മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നവര്‍ക്കും അവന്റെ ജീവന് വിലയിട്ട് ഇറ്റാലിയന്‍ സായിപ്പ്മാര്‍ക്ക് പാദസേവ ചെയ്യുന്ന പുതിയകാല യൂദാസുകള്‍ക്കും ഈ പ്രതിഷേധമൊരു താക്കീതായി മാറി.

മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ഉള്‍പ്പെട്ട ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മറ്റിയാണ് ഇതിന്റെ സംഘാടകര്‍. കേരളത്തിലെ മത സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ചങ്ങലയില്‍ കണ്ണികളായി. പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍ കൊല്ലത്തും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നത്തല എറണാകുളത്തും, സി.പിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തും ഇതിന്റെ ഭാഗമായി.

മലപ്പുറം ജില്ലയില്‍ കടലുണ്ടി കടവുമുതല്‍ വെളിയങ്കോട് വരെയുള്ള തീരത്ത് മത സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ മനുഷ്യ സാഗരത്തില്‍ പങ്കാളികളായി.
വൈദേശികരുടെ അധിനിവേശത്വരക്കെതിരെ അടരാടിയ താനൂരിന്റെ വിരിമാറില്‍ കടലിന്റെ മക്കള്‍ പുതിയ പ്രതിരോധം തീര്‍ത്തു. കടലില്‍ മത്സ്യതൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി താനൂരില്‍ സംഘടിപ്പിച്ച മനുഷ്യസാഗരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉണ്ണിയാല്‍ ആലിന്‍ചുവട് മുതല്‍ ഒട്ടുംപുറം മുതല്‍ സ്ത്രീകളും കുരുന്നുകളും അടക്കം ആയിരക്കണക്കിനാളുകള്‍ കണ്ണി ചേര്‍ന്നു. താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍, നന്നമ്പ്ര, പഞ്ചായത്തുകളിലെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഐക്യപ്പെടല്‍ തീരദേശത്ത് പുതിയ രണാങ്കണം തീര്‍ത്തു.
വാഴക്കതെരുവില്‍ കവി മണമ്പൂര്‍ രാജന്‍ബാബു കണ്ണിചേര്‍ന്നവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍മന്ത്രിയുടെ പങ്കാളിത്തം കണ്ണിചേര്‍ന്നവര്‍ക്ക് ആവേശമായി. കാട്ടില്‍ നിന്നും ആദിവാസികളെ കുടിയിറക്കിയതിന് സമാനമായി കടലിന്റെ മക്കളെ കുടിയിറക്കാനുള്ള നീക്കം വിലപോവില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളികളുടെ ജീവന് വേണ്ടിയുള്ള ഈ സമരത്തില്‍ കേരളത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കടലില്‍ നിരപരാധികളെ വേട്ടയാടുന്നതിനെതിരെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും മുന്‍മന്ത്രി കൂട്ടിചേര്‍ത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫ്, സി പി എം നേതാക്കളായ ഇ എം മോഹന്‍ദാസ്, എം മുഹമ്മദ് മാസ്റ്റര്‍, ഏരിയ സെക്രട്ടറി ഇ ജയന്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം എം പി അഷ്‌റഫ്, ജില്ലാ സെക്രട്ടറി എം പി കാസിം, താനൂര്‍ മേഖലയില്‍ പണിമുടക്കും പൂര്‍ണമായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ദര്‍സ് വിദ്യാര്‍ഥികളും പങ്കാളികളായത് ഐക്യത്തിന്റെ പുതിയ ചുവടുവെപ്പായി.
പരപ്പനങ്ങാടിയില്‍ മുന്‍ എംപി ടി.കെ ഹംസ, മത്സ്യതൊഴിലാളി യൂണിയന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.കെ. മുഹമ്മദ് ജമാല്‍, സിപിഐ സംസ്ഥാന സമിതിയംഗം ഇ.പി മുഹമ്മദലി എന്നിവര്‍ കണ്ണികളായി.

ജില്ല അതിര്‍ത്തിയായ കടലുണ്ടി കടവില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലുലൈലി തങ്ങള്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, യു.കലാനാഥന്‍ മാസ്റ്റര്‍, വി.പി സോമസുന്ദരം എന്നിവരും പങ്കാൡളായി.