സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തി ശൗചാലയ നിര്‍മാണം പൂര്‍ത്തിയാക്കും

മലപ്പുറം: സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതിയില്‍ സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സേവനം ഉപയോഗപ്പെടുത്തി ശൗചാലയ നിര്‍മാണം സെപ്‌തംബര്‍ 30നകം പൂര്‍ത്തിയാക്കും. കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ ചേര്‍ന്ന ഒ.ഡി.എഫ്‌ (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) യോഗത്തിലാണ്‌ തീരുമാനം. ജില്ലയില്‍ ആദിവാസി തീരദേശ മേഖലകളുള്‍പ്പെടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട 24 പഞ്ചായത്തുകളുണ്ട്‌. ഇത്തരം പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗിച്ച്‌ പദ്ധതി നടപ്പിലാക്കും. നെഹ്‌റു യുവകേന്ദ്ര, വിവിധ കോളെജുകളിലെ എന്‍.എസ്‌.എസ്‌ ക്ലബുകള്‍ ഇതിന്‌ തയ്യാറായി മുന്നോട്ട്‌ വരുന്നുണ്ട്‌. പദ്ധതി വിഹിത പ്രകാരമുള്ള 15400 ത്തിനു പുറമെയുള്ള അധിക തുക വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ്‌ ഫണ്ടില്‍ നിന്നും ലഭ്യമാക്കും. ഡെപ്യൂട്ടി കലക്‌ടര്‍ പി.എന്‍. പുരുഷോത്തമന്‍, ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ടി.പി. ഹൈദറലി, പ്രൊജക്‌റ്റ്‌ ഡയറക്‌ടര്‍ ബാലഗോപാല്‍, എ.ഡി.സി ജനറല്‍ പ്രീതി വാര്യര്‍, വിവിധ പഞ്ചായത്ത്‌ സെക്രട്ടറി, വി.ഇ.ഒ, ജലനിധി ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.