സദാചാരപോലീസിനെതിരെ പരപ്പനങ്ങാടിയില്‍ ജനകീയ കൂട്ടായ്മ.

പരപ്പനങ്ങാടി: നിയമം കൈയ്യിലെടുത്ത് സദാചാരപോലീസ് ചമയുന്നവര്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികളുടെ കൂട്ടായ്മ രൂപപ്പെട്ടു. ചില തീവ്രവാദി സംഘടനകളുടെ സഹായത്തോടെ അവരുടെ അജണ്ട നടപ്പിലാക്കുകയാണ് സദാചാരപോലീസ് ചെയ്യുന്നതെന്ന് യോഗം വിലയിരുത്തി. പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നിലപാടില്ലാത്തത് ഇവരെ സഹായിക്കുമെന്നും ഇവരെ നിലയ്ക്ക് നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എന്നാല്‍ മുസ്ലീം ലീഗ് ഈ കൂട്ടായ്മയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഇതിനായി പി.ഒ.സലാം കണ്‍വീനറായും എം.പി. സുരേഷ്ബാബു ചെയര്‍മാനായും ജാഗ്രതാസമിതി രൂപീകരിച്ചു. ഈയിടെ പരപ്പനങ്ങാടി മദ്യഷാപ്പില്‍ ക്യൂനിന്നു എന്ന പേരില്‍ യുവതിയെയും ഭര്‍ത്താവിനെയും പലതവണ പലയിടങ്ങളില്‍ വെച്ച് മര്‍ദ്ധിച്ചത് വന്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഇവരെ ആക്രമിച്ചതിലും പിന്നീട് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിലും ഒരു സംഘടനക്ക് വ്യക്തമായ പങ്കുള്ളതായ ആരോപണം ഉയര്‍ന്നിട്ടും പോലീസ് പരാതിയില്ലെന്ന പേരില്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതിനുമുമ്പ് പരപ്പനങ്ങാടി ജംഗ്ഷനില്‍ വച്ച് ഒരു ട്രാഫിക് ബ്ലോക്കുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ പോലീസിനെ ആക്രമിച്ച സംഭവത്തിലും ഇവരുടെ ഒത്താശയുണ്ടായിരുന്നു എന്ന ആരോപണമുണ്ട്. അന്ന് പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ പരസ്യമായി കൈയ്യേറ്റം ചെയ്യപ്പെട്ടിട്ടും പോലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഇത്തരം ഗൗരവമുള്ള വിഷയങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് നിലപാടില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.
പരപ്പനങ്ങാടിയില്‍ സാമൂഹ്യഅന്തരീക്ഷത്തെ മലീമസപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആശയ പ്രചരണത്തിനൊരുങ്ങുകയാണ് ജാഗ്രതാസമിതി.