സക്കരിയയുടെ വീട് സെബാസ്റ്റിയന്‍ പോള്‍ സന്ദര്‍ശിച്ചു.

പരപ്പനങ്ങാടി : ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ പരപ്പന ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയുടെ വീട് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ സന്ദര്‍ശിച്ചു.

മദനിയെപോലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ബന്ധമില്ലാത്ത നിരപരാധികളായ പലരും കേസുമായി ബന്ധപ്പെട്ട് ജയിലടക്കപ്പെട്ടിട്ടുണ്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സ്‌ഫോടനം നടന്നു എന്നത് യാഥാര്‍ത്ഥ്യമായതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രതികളുണ്ടാകാം. എന്നാല്‍ ഇതോടൊപ്പം നിരപരാധികളെയും സൃഷ്ടിച്ച് ജയിലിലടച്ചിട്ടുണ്ട്. അങ്ങനെയാകാം സക്കറിയയും ജയിലില്‍ കഴിയുന്നത്. ഇതി ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഈ കേസിലെ പ്രതിയായ തടിയന്റവിടെ നസീറിനെപോലുള്ളവര്‍ കോടതിയില്‍ അപമര്യാദയായി പെരുമാറിയും വാക്ക് തര്‍ക്കങ്ങളുണ്ടാക്കിയും ബോധപൂര്‍വം വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് നിരപരാധികളായവര്‍ക്ക് ഗുണം ചെയ്യില്ലെന്ന് അദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് നാലുമമിയോടെ പരപ്പനങ്ങാടി പുത്തന്‍ പീടികയിലുള്ള വീട്ടിലെത്തിയാണ് സക്കരിയയുടെ മാതാവിനെ കണ്ടത്. അദേഹത്തോടൊപ്പം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷിഫ അഷറഫും ഉണ്ടായിരുന്നു.