വള്‍ഗര്‍ മെറ്റീരിയലിസത്തിനേക്കാള്‍ ഞാന്‍ ആദരിക്കുന്നത് സര്‍ഗാത്മക ആത്മീയതയെ- കെ.ഇ എന്‍

സംസ്‌കാരം, സംഘടന, സ്വത്വം

അക്കാദമിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ നടത്തിയ ഒരു യാത്രയാണ് ഓര്‍മ വരുന്നത്. ദാരിദ്ര്യവും ദുരിതവും നിറഞ്ഞു നിന്ന ഗ്രാമങ്ങളിലേക്ക് കവികളും കലാകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടുന്ന ഒരു സംഘമാണ് യാത്ര തിരിച്ചത്. ദാരിദ്ര്യത്തിനും ദുരിതത്തിനും മുന്നില്‍ സാമ്പത്തിക സഹായം പോലെ തന്നെ പ്രസക്തമാണ് സാംസ്‌കാരികമായ പ്രതിരോധങ്ങളും.

ഉയിര്‍പ്പ് എന്ന് പേര് നല്‍കിയ ഈ യാത്ര വീണുകിടക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉതകിയത് ഇങ്ങിനെയാണ്.
നൂറ് ശതമാനം സാക്ഷാത്കരിക്കുന്നവ ആദര്‍ശങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണ്. ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം ഒന്ന് മാത്രമാണ് ആദര്‍ശങ്ങള്‍ക്ക് പോലും പശ്ചാത്തലമുണ്ടാക്കുന്നത്. കേരളത്തില്‍ മാത്രം എത്രത്തോളം ചെയ്യാന്‍ കഴിയും എന്നതില്‍ പരിമിതികള്‍ ഉണ്ട്. ഇത് തീര്‍ച്ചയായും ഒന്നും പറ്റില്ല എന്ന അശുഭബോധം കൊണ്ട് പകരം വയ്ക്കാവുന്നതല്ല.

ലിംഗവിവേചനം, ജാതി വിവേചനം എന്നിവ ഇന്നും അതിരൂക്ഷമായി തുടരുന്നുണ്ട്. നമ്മുടെ തെറിവാക്കുകളൊക്കെതന്നെ സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമായ ഫാസിസ്റ്റ് മനോനിലകളുടെ ആവിഷ്‌കാരങ്ങളാണ്. സ്വാമിവിവേകാനന്ദന്‍ ദൈവത്തിന്റെ പദവിയിലേക്കുയര്‍ത്തിയ കൊശവന്‍മാര്‍ നമ്മുടെ പഴഞ്ചൊല്ലുകളിലും എടുത്തുപറയലുകളിലും മോശക്കാരാവുന്നത് ഇത്തരം ആവിഷ്‌കാരങ്ങളിലൂടെയാണ്. ഇതിനെ സ്ത്രീകള്‍ മാത്രം അണിനിരന്ന് ചെറുത്ത് തോല്‍പ്പിക്കുക അല്ലെങ്കില്‍ ദളിതര്‍ മാത്രം കൂട്ടുചേര്‍ന്ന് ചെറുക്കുക എന്ന അര്‍ത്ഥത്തില്‍ സ്വത്വരാഷ്ട്രീയം അപകടകരമാണ്. അതേ സമയം സ്വത്വം പരിഗണിക്കപ്പെടേതാണ്. സ്വത്വപ്രശ്‌നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടേണ്ടതാണ്. കാരണം സ്വത്വം യാഥാര്‍ത്ഥ്യമാണ്. പി.സി. ജോര്‍ജിന് പട്ടികജാതിക്കര്‍ എന്ന്  ഇന്നും ആക്ഷേപിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.

ഇന്ത്യയില്‍ വര്‍ഗ്ഗ സമൂഹങ്ങള്‍ രൂപം കൊണ്ടുവന്നത് സവര്‍ണരും അവര്‍ണരുമായിട്ടാണ്. അതുകൊണ്ടു തന്നെ ജനാധിപത്യ സമരങ്ങളില്‍ സ്വത്വപരമായ പീഢനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്‌ വഹിക്കാനുള്ള പങ്ക് വലുതാണ്. വര്‍ഗ്ഗരാഷ്ട്രീയം എന്നത് സാമ്പത്തിക രംഗത്ത് നടത്തേണ്ട സമരങ്ങള്‍ മാത്രമാണ്, സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടത്തേണ്ട സമരങ്ങളല്ല എന്ന നിലപാട് ഇന്ന്‌

സവര്‍ണരായവര്‍ക്ക് സവര്‍ണരായി തുടരാനും പുരുഷന്മാര്‍ക്ക് പുരുഷന്മാരായി തുടരാനും അതുവഴി ഇന്നനുഭവിക്കുന്ന സൗകര്യങ്ങള്‍ നിലനിര്‍ത്താനുമുള്ള ഒരടവ് മാത്രമാണ്.

 

ഞാന്‍, കൈയ്യെഴുത്ത്, ഈ-എഴുത്ത്, ചാനല്‍ ചില്ലകള്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ വിഭാഗീയതയുടെ ഭാഗമായി ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അവ പാര്‍ട്ടിയുടെ തന്നെ തെറ്റു തിരുത്തലിന്റെയും സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഘട്ടത്തിലൂടെയാണ് കഴിഞ്ഞ എട്ടുപത്ത് വര്‍ഷങ്ങളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിഭാഗീയതയുടെ പശ്ചാതലത്തില്‍ കമ്മ്യൂണിസ്റ്റ് രീതിശാസ്ത്രം ഫലപ്രദമായ രീതിയില്‍ ആവിഷ്‌കരിക്കപ്പെട്ടെന്നുവരില്ല. ഇതില്‍ ആര്‍ക്കൊക്കെ, എത്രയൊക്കെ തെറ്റുപറ്റി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ഞാന്‍ അച്ചടിയുഗത്തിലെ അവസാനത്തെ മനുഷ്യനാകാന്‍ ഇപ്പോഴും തീവ്രമായി ആഗ്രഹിക്കുന്നു. സൈബര്‍ ഇടത്തിന്റെ സാധ്യതകളിലേക്ക് വരാത്തത് വ്യക്തിപരമായ കൃത്യാന്തരബാഹുല്യം കൊണ്ടുമാത്രം.

സൈബര്‍ ഇടങ്ങള്‍ മൂലധന വിമുക്തമാണ് എന്നത് ഒരു വ്യാമോഹം മാത്രമായിരിക്കുന്നു. ഗ്രാംഷി   കമ്മ്യൂണിസ്റ്റ് വിരുദ്ധതയായി നീരീക്ഷിച്ച നാട്ടുനടപ്പിന്റെ അഥവാ സാമാന്യ ബോധത്തിന്റെ അധീശത്വത്തില്‍ നിന്ന് ഈ ഇടങ്ങളും മുക്തമല്ല. കൈകാര്യം ചെയ്യുന്നവരുടെ സാംസ്‌കാരിക മൂലധനത്തിന്റെ പ്രഭാവമാണ് ഇത്തരം മാധ്യമങ്ങളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്നത്. സൈബര്‍ ഇടങ്ങള്‍ അച്ചടി മാധ്യമങ്ങളുടെ പ്രസക്തി ചോര്‍ത്തികളയും എന്ന് ഞാന്‍ കരുതുന്നില്ല. സൈബര്‍ ഇടങ്ങളും മുദ്രണ ഇടങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇന്ന് അപൂര്‍വ്വമല്ല.

വ്യക്തിപരമായി ടെലിവിഷന്‍ ചര്‍ച്ചകളോടും ഞാന്‍ വിമുഖനല്ല. അത് രാഷ്ട്രീയമാകണം എന്നു മാത്രം. ‘ഒരാള്‍ അവിടെ നിന്നും ചായകുടിച്ചു ചോറ് തിന്നു. എന്താണ് അഭിപ്രായം’ എന്ന മട്ടിലുള്ള ചര്‍ച്ചകള്‍ പരിഹാസ്യമാണെന്നു മാത്രം. എന്നാല്‍ ഒരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശമായ ചില നിലപാടുകളിലേക്ക് എത്തി പെടേണ്ടി വന്നു. ആശയം വ്യക്തമാക്കാന്‍ ആവശ്യമായത്ര സമയം ലഭിക്കേണ്ടതുണ്ട്. പലപ്പോഴും യാത്രയില്‍ ടെലിഫോണില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പാതിവഴിക്ക് മുറിക്കപ്പെടുകയും, മുറിയന്‍ അഭിപ്രായങ്ങള്‍ക്കു മുകളില്‍ ചര്‍ച്ച തുടരുകയും ചെയ്യുന്നു. ഇത് ആശ്യാസമല്ല എന്ന നിലപാടെടുത്തത്തോടെ ചാനലുകള്‍ എന്നെ ഒഴിവാക്കി തരികയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്.

ഇന്ന് ഞാനൊരു വിദ്യാലയത്തിലെ കയ്യെഴുത്ത് മാസികയുടെ ഉദ്ഘാടനത്തിന് പോയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ മലവെള്ള പാച്ചിലിലും കുട്ടികളുടെ കൈമുദ്ര പതിഞ്ഞ പുസ്തകങ്ങള്‍ ഇറങ്ങുന്നുണ്ട്. ചാനലുകള്‍ ആശയപ്രകാശനത്തിന് ഇടമൊരുക്കുന്നുണ്ടെങ്കിലും പൊതുയോഗങ്ങളുടെ പ്രസക്തി കുറഞ്ഞിട്ടില്ല.

എന്റെ അഭിപ്രായങ്ങളോട് യോജിച്ചും, വിയോജിച്ചും നടക്കുന്ന സൈബര്‍ ചര്‍ച്ചകളുടെ കോപ്പികള്‍ പലപ്പോഴും സുഹൃത്തുക്കളാണ് എത്തിച്ചുതരിക പതിവ്. ഉത്തരവാദിത്തത്തോടുകൂടി നടത്തുന്ന ഏത്‌ ഇടപെടലിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഏറ്റവും വലിയ മാധ്യമം ജീവിക്കുകയും, സ്വപ്നം കാണുകയും കലഹിക്കുകയും, പ്രതിഷേധിക്കുകയും, ചരിത്രത്തിന്റെ നൈരന്ത്യര്യമായി എന്നും നിലനില്‍ക്കുകയും ചെയ്യുന്ന മനുഷ്യനാണ്. മറ്റു മാധ്യമങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ പ്രസക്തി വെളിവാകുന്നത്. മലബാറി ന്യൂസിന് ഒരു മൂന്നാമത്തെ ചെവിയിലേക്ക് അതിന്റെ ശബ്ദം എത്തിക്കുവാന്‍ കഴിയുമെങ്കില്‍, ഒരു ചെറിയ തീപ്പൊരി തെളിയിക്കാന്‍ കഴിയുമെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു.

 

സ്വര്‍ഗം, നരകം, പുതിയ ലോകം 

സ്വര്‍ഗം, നരകം, പരലോകം ഞാനെഴുതുന്നത് ഏതാണ്ട്  ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് എന്റെ മുന്നിലുണ്ടായിരുന്ന പ്രശ്‌നം മതത്തോടുള്ളൊരു അക്കൗണ്ട് ക്ലോസ് ചെയ്യുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ ഒരു പരുക്കന്‍ മട്ടിലെഴുതപ്പെട്ട പുസ്തകമായിരുന്നു അത്. എന്നാല്‍ ആ പുസ്തകത്തില്‍ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രപഞ്ച വീക്ഷണം ഇന്നും പ്രസക്തമാണ് എന്നതാണ് അതിന്റെ രണ്ടാം പതിപ്പിന് കാരണമാകുന്നത്. രണ്ടാം പതിപ്പിനെഴുതിയ ദീര്‍ഘമായ ആമുഖമാണ് ഇന്നത്തെ എന്റെ വിഷയം. ഇരുപത്തിഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മതത്തെ കണ്ടത് ഒരു ഏക വചനമായിട്ടാണ്. പുതിയ പതിപ്പിന്റെ ആമുഖം മതത്തിനകത്തെ വ്യത്യസ്ത പ്രവണതകളെ വിശകലന വിധേയമാക്കുന്നു. ആദ്യപതിപ്പ് തീര്‍ത്തും ഒരു മതവിമര്‍ശനമായി നിലനില്‍ക്കുമ്പോള്‍ രണ്ടാം പതിപ്പിന്റെ ആമുഖം മതത്തിനകത്തെപുരോഗമന ധാരകളെ കാണാന്‍ തയ്യാറാകുന്നു. ഇത് എന്റെ മാത്രം സമീപനമല്ല. വിമോചന ദൈവശാസ്ത്രമടക്കമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളോടുള്ള ഇടതുപക്ഷ
പ്രസ്ഥാനത്തിന്റെ സമീപനങ്ങളുടെ ഭാഗമാണ്. ഒരു വള്‍ഗര്‍ മെറ്റീരയലിസ്റ്റിനേക്കാള്‍ ഞാനിപ്പോള്‍ ആദരിക്കുന്നത് ക്രിയേറ്റീവായ ആത്മീയ വാദിയേയാണ്.
കണ്‍സ്യൂമറിസം മെറ്റീരിയലിസമായി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിപര്യയ ഘട്ടം നിലനില്‍ക്കുന്നുണ്ട്. തോര്‍ത്തുമുണ്ടിന് വില കുറഞ്ഞു എന്ന വാര്‍ത്ത കേട്ട് ഷോപ്പിംഗ് മാളിലേക്ക് ഓടിക്കയറിയവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീ മുളകുപൊടി വിതറിയത് അമേരിക്കയിലാണ്. ആര്‍ത്തി ആസക്തിയാണ്, ആസക്തി അപകടമാണ്. എന്ന മുദ്രാവാക്യമാണ് ഇന്ന് വാള്‍സ്ട്രീറ്റില്‍ മുഴങ്ങുന്നത്. ഇത് വള്‍ഗര്‍ മെറ്റീരയലിസത്തിനെതിരായ മുദ്രാവാക്യമാണ്.

സൗഹൃദം, അഭിപ്രായ വ്യത്യാസം, മുദ്രാവാക്യം

“പണ്ടു നാം സ്‌നേഹിച്ചവര്‍ അകന്നോ മൃതിപ്പെട്ടോ
വന്‍പകയോടെ ചേരിമാറിയോ പൊയ്‌പോവുന്നു”.

മനുഷ്യ ബന്ധങ്ങള്‍ വത്യസ്ത ചരിത്ര സന്ദര്‍ഭങ്ങളില്‍, വ്യത്യസ്ത തലങ്ങളില്‍ വികസിച്ചു വരുന്നതാണ്. നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിണാമത്തിന്റെ ഒരുചരിത്രസന്ദര്‍ഭത്തെ അടയാളപ്പെടുത്തുകയാണ് യുഗപരിവര്‍ത്തനം എന്ന കവിതയിലൂടെ വൈലോപ്പിള്ളി നിര്‍വ്വഹിച്ച ദൗത്യം. മുതലാളിത്തത്തില്‍ നിന്ന് നവ മുതലാളിത്തത്തിലേക്കുള്ള ഒരു പരിവര്‍ത്തന ഘട്ടത്തെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. നാടുവാഴിത്ത കാലഘട്ടത്തില്‍ നിലനിന്നിരുന്ന സൗഹൃദം മുതലാളിത്ത കാലഘട്ടത്തില്‍ അതേ അര്‍ത്ഥത്തില്‍ നിലനില്‍ക്കുക അസാധ്യമാണ്. മരണവും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ താല്‍ക്കാലികമായെങ്കിലുമുള്ള ഒരു സൗഹൃദ നഷ്ടത്തിന് നിദാനമാകുന്നതിനെ ഈ വരികള്‍ ഒരു പിടച്ചിലോടെ ആവിഷ്‌കരിക്കുന്നു. ഏതു പരിവര്‍ത്തന ഘട്ടത്തിലും സൗഹൃദത്തിന്റെ ഈ പിടച്ചില്‍ ഒരു അനിവാര്യതയാണ്.
മനുഷ്യ ബന്ധങ്ങള്‍ നിരന്തരം നവീകരിക്കപ്പെടുന്ന ഒന്നാണ് .അത് ഒരേ സമയം സജീവമാകുകയും അപ്പോള്‍തന്നെ സങ്കീര്‍ണമാവുകയും ചെയ്യുന്നു.

 

k c umesh babu

ഒരു സാമൂഹ്യ സന്ദര്‍ഭത്തില്‍ രൂപം കൊള്ളുന്ന സൗഹൃദം മറ്റൊരു സാമൂഹ്യ സന്ദര്‍ഭത്തില്‍ സംഘര്‍ഷാത്മകമാകുന്നതില്‍ അസ്വഭാവികത ഇല്ല. ആശയങ്ങളുടെ മണ്ഡലത്തിലും ബന്ധങ്ങലുടെ മണ്ഡലത്തിലും ഈ സംഘര്‍ഷം കാണാം. ചിലപ്പോളിത് ബന്ധങ്ങളുടെ നിറം കെടുത്തിയെന്നുവരും,ചിലപ്പോള്‍ വര്‍ദ്ധിപ്പിച്ചു എന്നും വരും. അതുകൊണ്ടു തന്നെ ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തിനകത്ത് രൂപം കൊള്ളുന്ന സൗഹൃദങ്ങള്‍ എല്ലാ കാലത്തേക്കും അതുപോലെ തന്നെ തുടരണമെന്നില്ല. പുതിയ സന്ദര്‍ഭങ്ങളില്‍ സൗഹൃദം പുതിയ രൂപവായ്പുകള്‍ ആര്‍ജ്ജിക്കുമ്പോഴും, രൂപം കൊണ്ട കാലത്തെ ആര്‍ദ്രതയും വികാരവായ്പും അതേപോലെ തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ബന്ധങ്ങള്‍ക്ക് ഒരു പ്രതിസന്ധി നേരിട്ടാല്‍ അത് എന്നന്നേക്കുമുള്ള ഒരു പ്രതിസന്ധിയായി നാം വിലയിരുത്തേണ്ടതില്ല. ഒരു പ്രത്യേക കാലഘട്ടത്തില്‍ രൂപം കൊള്ളുന്ന സൗഹൃദങ്ങള്‍ മറ്റൊരുസവിശേഷ ഘട്ടത്തില്‍ പ്രതിസന്ധി നേരിടുന്നതിനും

മാറി വരുന്ന മറ്റൊരു സന്ദര്‍ഭത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതിനും ഇടയുണ്ട്. ഇത് വ്യക്തികളുടെ പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന കാര്യമല്ല. വ്യക്തികളുടെ ഇച്ഛകളേക്കാള്‍ അധികം ചരിത്രത്തിന്റെ ഇച്ഛകളാണ്  ബന്ധങ്ങളെ നിര്‍ണയിക്കുന്നത്.

ഉല്പാദിപ്പിക്കലിലൂടെയാണ് ജീവിതം മടുപ്പിനെ മിറികടക്കുന്നതും സര്‍ഗാത്മകമാകുന്നതും. ‘വിസ്മയം പോലെ ലഭിക്കും നിമിഷത്തിനര്‍ത്ഥം കൊടുത്ത്

kunjappa pattanoor

പൊലിപ്പിച്ചെടുക്ക നാം’ എന്ന് കവി. ഈ പൊലിപ്പിച്ചെടുക്കലില്‍ ഒരു ഉല്പാദന ക്രിയയും അതുവഴി സര്‍ഗാത്മകതയുമുണ്ട്. രാഷ്ട്രീയം സര്‍ഗാത്മകമാകുമ്പോള്‍ മുദ്രാവാക്യങ്ങള്‍ കവിതയാകും എന്ന മാവോസേ തൂങിന്റെ നീരീക്ഷണത്തിന്റെ തുടര്‍ച്ചയാണ് മുദ്രാവാക്യം തന്നെ കവിത എന്ന സങ്കല്‍പനം. ഇത് ഉമേഷ്ബാബുവിനോ കുഞ്ഞപ്പ പട്ടാനൂരിനോ മാത്രം വേണ്ടി എഴുതിയ ഒരു ലേഖനത്തിന്റെ പേരല്ല. പൊതുവേ ഇടതുപക്ഷ കവിതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഒരു വിമര്‍ശനത്തെ പ്രതിരോധിക്കലാണ്.