സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : ഏഷ്യയിലെ ഏറ്റവും വലിയ കലോല്‍ത്സവത്തിന് വേദിയാകുന്നത് തിരൂരങ്ങാടി. മലപ്പുറം ജില്ലയിലേക്ക് കലോല്‍ത്സവം കടന്നു വരുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ രണ്ടു തവണയും തുഞ്ചന്റെ മണ്ണായ തിരൂരിലായിരുന്നെങ്കില്‍ ഇത്തവണ ആ ഭാഗ്യം തിരൂരങ്ങാടിക്കാണ്. വിദ്യഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഈ മഹാമാമാങ്കത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

ജനുവരി 14 മുതല്‍ 20 വരെയാണ് കലോല്‍സവം നടക്കുക. തിരൂരില്‍ മുമ്പ് രണ്ട് തവണ കലോല്‍സവം നടന്നപ്പോഴും അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് നഗരത്തിലേക്ക് ഒഴികിയെത്തിയത്. ഇത്തവണയും ഈ ജനസഞ്ചയ മുണ്ടാവുമെന്ന് ഉറപ്പാണ്.

1957 ല്‍ ഒന്നാമത് സ്‌കൂള്‍ കലോല്‍ത്സവം എറണാകുളത്താണ് നടന്നത്. കഴിഞ്ഞ തവണ തൃശ്ശൂരായിരുന്നു വേദി.53-ാംമത് കലോല്‍സവമാണ് തിരൂരങ്ങാടിയില്‍ നടക്കാനിരിക്കുന്നത്.

എന്നാല്‍ തിരൂരങ്ങാടിയുടെ സ്ഥലപരിമിതിയും ഗതാഗതകുരുക്കും സംഘാടകരെ ആശങ്കയിലാക്കുന്നുണ്ട്. മത്സരങ്ങള്‍ നടത്താനുള്ള വേദികളുടെ അപര്യാപ്തത ഏറെ പ്രയാസങ്ങളുണ്ടാക്കും .

പ് എസ് എം ഒ കോളേജ്, ഓറിയന്റല്‍ കോളേജ്, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോഴിച്ചെന എംഎസ്പി ഗ്രൗണ്ട്, എടരിക്കോട് പി കെ എം എച്ച് എസ് എസ് എന്നീ സ്ഥലങ്ങളാണ് വേദിക്ക് പരിഗണിക്കുന്നത്. ഇവ തമ്മലുള്ള ദൂരം പത്ത് കിലോമീറ്ററിലധികമാണ്. ഇത് മത്സരാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. കൂടാതെ താമസ സൗകര്യവും , മമ്പുറം, തിരൂരങ്ങാടി ഭാഗത്തെ വീതിയില്ലാത്ത റോഡുകളും കലോല്‍സവ നടത്തിപ്പിനെ സങ്കീര്‍ണമാക്കുമെന്നുറപ്പാണ്.