സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 5 മരണം

തിരു : സംസ്ഥാനത്ത് കനത്ത മഴയില്‍ തിങ്കളാഴ്ച 5 പേര്‍ മരിച്ചു. ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി. കണ്ണൂര്‍ വലിയന്നൂരില്‍ ബസ്സ് കാത്ത് നില്‍ക്കെ മതില്‍ ഇടിഞ്ഞ് വീണ് പ്രേംഗംഗയില്‍ ചൂളികണ്ടി ഗംഗാധരന്‍(70), സ്‌കൂളിലേക്ക് പോകുന്ന വഴി മതിലിടിഞ്ഞ് വീണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി, യീസ്റ്റ് വള്ള്യായില്‍ രാജ്ഭവനിലെ രോഹിത്(15), കോട്ടയത്ത് ആര്‍പ്പൂക്കര വട്ടക്കാട്ടില്‍ വി എസ് ബാബു(51), പാലകട്ടച്ചിറ കണ്ണോട്ട് ബിജുമോന്‍ (38) എറണാകുളം പിറവത്ത് അഞ്ചല്‍പെട്ടി ആനിത്താഴത്ത് കൃഷ്ണന്‍(52) എന്നിവരാണ് മരിച്ചത്. കരിവെള്ളേരിപുഴയില്‍ ഒഴുക്കില്‍ പെട്ട് ചെമ്പേരി പയറ്റിയാലിലെ മുണ്ടക്കാട് വയലിലെ പയസ് (36) നെ കാണാതായി

സംസ്ഥാനത്ത് പെയ്ത മഴയില്‍ കണ്ണൂരിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ജൂണ്‍ 19 വരെ കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ട്.

പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 55 കിലോമീറ്റര്‍ വരെ ആകുന്നതിനാല്‍ മീന്‍ പിടിക്കുന്നവര്‍ കടലില്‍ പോകരുതെന്ന് റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയില്‍ ശക്തമായി നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.