ഷൈനിവധം തെളിവെടുപ്പു നടത്തി; കുറ്റബോധമില്ലാതെ പ്രതി ഷാജി

പരപ്പനങ്ങാടി: ദിവസങ്ങള്‍ക്ക് മുമ്പ് ദാരുണമായി ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ട അയിനിക്കാട്ട് ഷൈനി കൊലക്കേസിലെ പ്രതി ഭര്‍ത്താവ് ഷാജി(41)യെ തെളിവെടുപ്പിനായി പരപ്പനങ്ങാടിയില്‍ കൊണ്ടുവന്നു. ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് ഇവിടെയെത്തിച്ചത്.

കൊലപാതകം നടന്ന പ്രയാഗ് റോഡിലെ ഷൈനിയുടെ വീട്ടില്‍ താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എംഎസ് രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷാജിയെ കൊണ്ടുവന്നത്. യാതൊരു കുറ്റബോധവുമില്ലാതെ നിര്‍വികാരനായാണ് ഷാജി സംഭവങ്ങള്‍ പോലീസിനോട് വിവരിച്ചത്.

തെളിവെടുപ്പ് സമയത്ത് ഷാജിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈനിയുടെ അമ്മ കമലവും മകള്‍ ദിയയും സ്ഥലത്തുണ്ടായിരുന്നില്ല.

അരമണിക്കൂര്‍ നീണ്ടുനിന്ന തെളിവെടുപ്പിനൊടുവില്‍ സ്ത്രീകളും ചെറുപ്പക്കാരുമടങ്ങുന്ന നാട്ടുകാര്‍ പ്രതിയുടെ നേര്‍ക്ക് തിരിഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഉടന്‍ തന്നെ ഇയാളെ ഇവിടെ നിന്ന് ജീപ്പില്‍ കയറ്റി ക്കൊണ്ടുപോവുകയായിരുന്നു. സ്ത്രീകള്‍ ഇയാളെ കൂട്ടത്തോടെ ശകാരിക്കുന്നതും ശാപവാക്കുകള്‍ പറയുന്നതും കാണാമായിരുന്നു.

തെളിവെടുപ്പ് സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ്ഓഫിസര്‍ ശശികുമാര്‍, സിപിഒമാരായ രാമചന്ദ്രന്‍, നെപ്പോളിയന്‍, ഷിജു എന്നിവരുമുണ്ടായിരുന്നു.

ഷൈനി വധം; ശരീരത്തില്‍ 31മുറിവുകള്‍ ;പ്രതി റിമാന്റില്‍