ഷുക്കൂര്‍ വധം; നിര്‍ണായക സാക്ഷികളായ ലീഗ് പ്രവര്‍ത്തകന്‍ മൊഴിമാറ്റി

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധത്തില്‍ നിര്‍ണായക സാക്ഷികള്‍ മൊഴിമാറ്റി. കേസിലെ സാക്ഷികളായ പിപി അബുവും, മുഹമ്മദ് സാബീറുമാണ് മൊഴിമാറ്റിയ്ത്. ഇവര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്.

തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വെച്ച് ഷുക്കൂര്‍ വധത്തെ കുറിച്ച് ഗൂഡാലോചന നടത്തിയെന്നും അപ്പോള്‍ തങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നെന്നുമാണ് ഇവര്‍ ആദ്യം നല്‍കിയിരുന്ന മൊഴി. കണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി യുസി വേണു ഫോണിലൂടെ കൊലപാതകം നടത്താന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടുവെന്നും ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, ടി വി രാജേഷും ഇത് കേട്ടുകൊണ്ടിരുന്നെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

ഈ മൊഴിയാണ് തലശ്ശേരി കോടതിയില്‍ ഇവര്‍ സത്യവാങ്മൂലത്തിലൂടെ തിരുത്തിയത്. ലീഗ് പ്രവര്‍ത്തകരായ ഞങ്ങളെന്തിനാണ് സിപിഎം നേതാക്കളെ ആശുപത്രിയില്‍ പോയി കാണുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്.

ഇവരുടെ മൊഴി പ്രകാരമാണ് പി ജയരാജനെയും ടിവി രാജേഷിനെയും കുറ്റപത്രത്തിലുള്‍പ്പെടുത്തി ജാമ്യം നല്‍കാതെ ജയിലിലടച്ചത്.

പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം അന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രധാന സാക്ഷികള്‍ മൊഴിമാറ്റിയത് കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് നിയമ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.