ഷിബിന്‍ വധക്കേസ്; മുഴുവന്‍ പ്രതികളേയും കോടതി വെറുതെവിട്ടു

shibin-2കോഴിക്കോട്: നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും കോടതി വെറുതെവിട്ടു. പതിനേഴ് പ്രതികളേയാണ് മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

2015 ജനുവരി 22 ന് രാത്രിയാണ് സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. മറ്റ് ആറ് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയവും വര്‍ഗീയപരുമായ കാരണങ്ങളാല്‍ ഷിബിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ സഹായം ചെയ്തുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കൊലപാതകം, വധശ്രമം, മാരാകയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, കലാപമുണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമതത്തിയിരുന്ന കുറ്റങ്ങള്‍. 66 സാക്ഷികളെ വിസ്തരിച്ച കോടതി 151 രേഖകളും 55 തൊണ്ടിമുതലുകളും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഷിബിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നാദാപുരം പ്രദേശത്ത് വ്യാപകമായ രീതിയില്‍ അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു.