ഷാര്‍ജ സുല്‍ത്താന്‍ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഡി.ലിറ്റ്‌ സ്വീകരിക്കും

Dr. Sultan BIn Mohammed Al Qasimiഷാര്‍ജ ഭരണാധികാരി സുല്‍ത്താല്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഡി.ലിറ്റ്‌ ബിരുദം സ്വീകരിക്കും. ഇത്‌ സംബന്ധിച്ച സുല്‍ത്താന്റെ അറിയിപ്പ്‌ സര്‍വകലാശാലായില്‍ ലഭിച്ചു.
സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി 1972 ലാണ്‌ ഷാര്‍ജയുടെ 15-ാമത്തെ സുല്‍ത്താനായി സാരഥ്യം ഏറ്റെടുത്തത്‌. അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ചരിത്രത്തിലും പൊളിറ്റിക്കല്‍ ജിയോഗ്രഫിയിലും ഗവേഷണ ബിരുദവും നേടിയ സുല്‍ത്താന്‍ മധ്യേഷ്യയിലെ അറിയപ്പെടുന്ന സാംസ്‌കാരിക നായകനും ചരിത്രകാരനുമാണ്‌. വ്യത്യസ്‌ത വിഷയങ്ങളില്‍ 26 വൈജ്ഞാനിക ഗ്രന്ഥങ്ങളും, എട്ട്‌ നാടകങ്ങളും രചിച്ചു. ഷാര്‍ജയില്‍ വികേന്ദ്രീകൃത ഭരണ സംവിധാനം കൊണ്ടുവന്ന സുല്‍ത്താന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഷാര്‍ജയുടെ പ്രസിഡണ്ടും, ബ്രിട്ടണിലെ എക്‌സ്റ്റര്‍ സര്‍വകലാശാല, ഈജിപ്‌തിലെ കൊയ്‌റോ സര്‍വകലാശാല, ഷാര്‍ജ സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിറ്റിംഗ്‌ പ്രൊഫസറും മികച്ച ഭരണാധികാരിയുമാണ്‌. ഇന്ത്യ-ഷാര്‍ജ ഉഭയക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയ അദ്ദേഹം, പ്രവാസികള്‍ക്ക്‌ നടപ്പിലാക്കിയ ക്ഷേമപദ്ധതികള്‍ ശ്രദ്ധേയമാണ്‌. നിരവധി മലയാളി പ്രവാസികള്‍ സേവനം നടത്തുന്ന ഷാര്‍ജയിലെ ഭരണാധികാരിയായ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയില്‍ നിന്നുള്ള ഡി.ലിറ്റ്‌ സ്വീകരിക്കുന്നതില്‍ വൈസ്‌ ചാന്‍സലര്‍ ഡോ.എം.അബ്‌ദുല്‍ സലാം സന്തോഷം രേഖപ്പെടുത്തി.