ശ്വേതയുടെ പ്രസവത്തിനെതിരെ ശോഭ

കൊച്ചി :ബ്ലസിയുടെ കളിമണ്ണിനായി ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. മനുഷ്യ സമൂഹം സംരക്ഷിച്ച് വന്ന സ്വകാര്യതയാണ് പ്രസവമെന്നും ഇതു തകര്‍ക്കുക വഴി ശ്വേതാമേനോന്‍ മൃഗതുല്ല്യമായ നിലപാടാണ് സ്വീകരിച്ചതെന്നും സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി സ്വകാര്യതയെ ഉപയോഗിച്ച ശ്വേത സ്ത്രീസമൂഹത്തിന് അപമാനമാണെന്നും ശോഭാസുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ശ്വേതയ്‌ക്കെതിരെ വളരെ മോശമായ ഭാഷയിലാണ് ശോഭാസുരേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയാല്‍ ശ്വേത അടുത്തപ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ വെച്ച് നടത്തുമോ എന്നായിരുന്നു ശോഭയുടെ ചോദ്യം.

കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് മഹിളാ മോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ തടയുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഈ രംഗ ചിത്രീകരണത്തിനെതിരെ വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. പിന്നീട് സെബാസ്റ്റ്യന്‍പോളും ഈ വിവാദത്തില്‍ പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിനെതിരായി സിനിമപ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ചിത്രത്തിന് പിന്തുണയുമായി ഫെഫ്കയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഒരു സിനിമയ്ക്കുവേണ്ടി ലോകത്ത് ആദ്യമായല്ല ഒരു സ്ത്രീയുടെ പ്രസവം ചിത്രീകരിക്കുന്നതും ചിത്രത്തിലുള്‍പ്പെടുത്തുന്നതും. പ്രശസ്ത ഹങ്കേറിയന്‍ സംവിധായക മാര്‍ത്ത മസാറോയുടെ 1976 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഒരു കുഞ്ഞിന്റെയും അമ്മയുടേയും ആത്മബന്ധം വിവരിക്കുന്നതിന്റെ ഭാഗമായി പ്രസവം ചിത്രീകരിച്ചിട്ടുണ്ട്. പ്രശസ്ത നടി ലില്ലി മൊണോറിയാണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.