ശ്രീപത്മനാഭ ക്ഷേത്രത്തിനു സമീപത്തു നിന്നും ബോംബ് ശേഖരം കണ്ടെത്തി

indexതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നും ബോംബ് ശേഖരം കണ്ടെത്തി. വടക്കേ നടയ്ക്കു സമീപമുള്ള ശ്രീപാദം കുളം വറ്റിക്കുമ്പോഴായിരുന്നു ബോംബ് കണ്‌ടെത്തിയത്.

കാലപ്പഴക്കം ചെന്ന പൈപ്പ് ബോംബുകളാണു ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

ആര്‍ക്കിയോളജി വകുപ്പാണു കുളം വറ്റിക്കുന്നത്. കുളത്തിനുള്ളില്‍ നിന്നും ക്ഷേത്രത്തിലേക്കു കടക്കാന്‍ പ്രത്യേക വാതില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു കുളം വറ്റിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തിനുള്ളിലേക്കു കടക്കാനുള്ള ഒരു കവാടവും ഇവിടെ കണ്ടെത്തി. ബോംബ് ശേഖരം കണ്ടെത്തിയതു സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.

കോടികള്‍ വിലമതിയ്ക്കുന്ന അപൂര്‍വ്വ നിധിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത് . നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് ക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത് .