ശ്മശാനം കയ്യേറി കല്ലറകള്‍ നശിപ്പിച്ചു: രണ്ടുപേര്‍ പിടിയില്‍

അരീക്കോട്: പട്ടികജാതി ശ്മശാനത്തില്‍ അതിക്രമിച്ചു കയറി കല്ലറകള്‍ പൊളിച്ചു നീക്കിയ രണ്ടുപേരെ അരീക്കോട് പൊലീസ് പിടികൂടി. കോലോത്തുതൊടി ഉബൈദുള്ള, മകന്‍ സിബിലി എന്നിവരാണ് പിടിയിലായത്. കീഴുപറമ്പ് നെരയന്‍പാറമ്മല്‍ കോളനിക്കാരുടെ പാലപറമ്പിന് അടുത്തുള്ള ശ്മശാനഭൂമിയിലാണ്  തിങ്കളാഴ്ച രാവിലെ 11ന് സംഘം അതിക്രമിച്ചു കയറിയത്. ശ്മശാനത്തിലെ മരങ്ങള്‍ നശിപ്പിച്ചെന്നും പൂര്‍വികരെ സംസ്കരിച്ച കുഴിമാടങ്ങള്‍ ഇടിച്ചു നിരത്തിയതായും പരാതിയില്‍ പറയുന്നു.
കോളനിയിലെ ചെറുമസമുദായത്തില്‍പ്പെട്ട 50 വീട്ടുകാര്‍ 70 വര്‍ഷമായി ഉപയോഗിച്ചുവരുന്ന ഭൂമിയാണിത്. കശുവണ്ടി പാട്ടത്തിന് എടുക്കാനാണെന്ന വ്യാജേന ശ്മശാനത്തില്‍ കയറിയ ഉബൈദുള്ളയും തൊഴിലാളികളും കാടുമൂടി കിടന്ന ഏഴ് കല്ലറകള്‍ പൊളിച്ചു നീക്കി. വിവരം അറിഞ്ഞ് കോളനിക്കാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു. സ്ഥലത്തെത്തിയ അരീക്കോട് പൊലീസ് ഉബൈദുള്ളയെയും മകനെയും കസ്റ്റഡിയിലെടുത്തു. ഇത് തന്റെ ഭൂമിയാണെന്നാണ് ഉബൈദുള്ളയുടെ അവകാശ വാദം.
ശ്മശാന ഭൂമി പരിസരവാസികളായ സ്വകാര്യ വ്യക്തികള്‍ ഇതിനു മുമ്പും കൈയേറാന്‍ ശ്രമിച്ചിട്ടുണ്ട്. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോളനിക്കാര്‍ പലതവണ പരാതി നല്‍കിയിരുന്നു. കൈയേറ്റം വ്യാപകമായതോടെ നേരത്തെ 50 സെന്റ് ഉണ്ടായിരുന്ന ഭൂമി 20 ആയി ചുരുങ്ങി. റീസര്‍വേ അപാകത്തെ തുടര്‍ന്ന് നികുതിയൊടുക്കാനും പറ്റാത്ത സ്ഥിതിയിലാണെന്നും കോളനിക്കാര്‍ പറയുന്നു. ഇതുസംബന്ധിച്ച് പട്ടികജാതി ശ്മശാന പരിപാലന കമ്മിറ്റി കലക്ടര്‍, ആര്‍ഡിഒ, പട്ടികജാതി വികസന ഓഫീസര്‍, കീഴുപറമ്പ് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.