ശോഭന ജോര്‍ജ്ജ്‌ കോണ്‍ഗ്രസ്‌ വിട്ടു;ഇനി ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

shobhana georgeആലപ്പുഴ: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ്‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. ചെങ്ങന്നൂര്‍ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്‌ ശോഭന ജോര്‍ജ്ജ്‌.  പാർട്ടി വിടുന്ന കാര്യം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനെയും അറിയിച്ചെന്ന് ശോഭന മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാർട്ടിയിൽ തുടരാനില്ലെന്നും അവർ അറിയിച്ചു.

കഴിഞ്ഞ ദിവസം മിഷന്‍ ചെങ്ങന്നൂര്‍ ഓഫിസില്‍ നടന്ന ജന്മദിന ആഘോഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ശോഭന ജോര്‍ജ് തുടങ്ങിയിരുന്നു. മിഷന്‍ ചെങ്ങന്നൂരിന്‍റെ ചെയര്‍പേഴ്സണ്‍ കൂടിയായ ശോഭന ജോര്‍ജ് ഏറെ നാളായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് സ്വതന്ത്രയായി മൽസരിക്കാൻ ശോഭന ജോർജ് നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പാർട്ടി ഇടപെട്ടതിനെ തുടർന്ന് പിൻവലിപ്പിക്കുകയായിരുന്നു.