ശെല്‍വരാജ് യൂഡിഎഫ് പിന്തുണയോടെ മല്‍സരിക്കും?

എംഎല്‍എയുടെ രാജി നാടകം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചിത്രങ്ങള്‍ ഏകദേശം വ്യക്തമാവുന്നു. അബ്ദുള്ളകുട്ടിക്ക് പിന്നാലെ ശെല്‍വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഉള്ള സാധ്യതയേറി. യുഡിഎഫിലേക്കുള്ള പോക്ക് ആത്മഹത്യാപരമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകം അത് തിരുത്തി ജനങ്ങള്‍ ആഗ്രഹിച്ചാല്‍ യു.ഡി.എഫിലേക്ക് പോകുമെന്ന് പറഞ്ഞതും.
ഇതിനുപിന്നാലെ ശെല്‍വരാജ് യുഡിഎഫിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ആ കാര്യം പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വന്നതോടെ ചിത്രം വ്യക്തമാവുകയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് ചിഹ്നത്തില്‍ മല്‍സരിക്കുന്നതിനുപകരം യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യമെന്നാണ് ശെല്‍വരാജിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇത് മുന്‍കൂട്ടി കണ്ട് നാടാര്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
ശെല്‍വരാജിന്റെ നീക്കം മുന്‍കൂട്ടികണ്ട് അത് നേരിടാന്‍ കഴിയാതെ പോയ സിപിഐഎം ജില്ല, സംസ്ഥാന നേതൃത്വങ്ങള്‍ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ തുടങ്ങികഴിഞ്ഞു.
കേരളത്തില്‍ നടന്നത് രാഷ്ട്രീയകുതിരകച്ചവടമാണെന്നും അതിന് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയും പി.സി.ജോര്‍ജ്ജുമാണെന്നും ഇതിന്റെ ഗൂഢാലോചന നടന്നത് തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
ഇനിയും ബോംബുകള്‍ പൊട്ടാനുണ്ടെന്നും പി.സി.ജോര്‍ജ്ജിന്റെ പ്രസ്താവനയും വരുംദിവസങ്ങളില്‍ ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.