ശരീയത്ത്‌ തൊട്ട്‌ കളിക്കേണ്ട;സിപിഎമ്മിന്‌ കാന്തപുരം വിഭാഗം മുഖപത്രത്തിന്റെ മുന്നറിയിപ്പ്‌

ശരീഅത്തിലും ആചാരങ്ങളിലും തൊട്ടുകളിക്കണ്ട, ലീഗ് വിട്ടുവന്നവരുടെയും ബുദ്ധിജീവികളുടെയും ഉപദേശം കേള്ക്കേണ്ട, സി.പി.ഐ.എമ്മിന് കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രത്തിന്‍റെ താക്കീത്.

കോഴിക്കോട്‌ :സി.പി.ഐ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സി.പി.ഐ.എമ്മിലെ ഒരു വിഭാഗം ന്യൂനപക്ഷങ്ങളില്‍ വര്‍ഗ്ഗീയത ആരോപിക്കുകയാണെന്നും സുന്നി കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രം. ന്യൂനപക്ഷ ബന്ധത്തിന് ഇടതുപക്ഷം ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ തെറ്റ് തിരുത്തണം. തങ്ങളുടെ വിശ്വാസ ആചാരങ്ങളില്‍ ഇടപെടാതെയായിരിക്കണം സി.പി.ഐ.എം മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷവുമായി ബന്ധം സ്ഥാപിക്കേണ്ടതെന്നും സിറാജ് ദിപത്രത്തിന്‍റെ മുഖപത്രം വ്യക്തമാക്കുന്നു.

ലിംഗ നീതി, തിരുകേശ വിഷയത്തിലെ സി.പി.ഐ.എം നേതാക്കളുടെ നിലപാടുകളെയും മുസ്ലിം ജനസംഖ്യ സംബന്ധിച്ച കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെയുമാണ് മുഖപ്രസംഗം ആക്രമിക്കുന്നത്.

ന്യൂനപക്ഷങ്ങളുടെമായി ബന്ധം സുദൃഢമാക്കാന്‍ കൊല്‍ക്കത്തയില്‍ചേര്‍ന്ന പ്ലീനം തീരുമാനിച്ചത് ആശാവഹമാണ്. എന്നാല്‍ ചില സി.പി.ഐ.എം നേതാക്കള്‍ മുസ്ലിംസംഘടനകളിലും പാര്‍ട്ടികളിലും വര്‍ഗ്ഗീയത ആരോപിക്കുകയാണ്. സി.പി.ഐ. ഭൂരിപക്ഷ പ്രീണന നയങ്ങളിലേക്ക് വഴുതിക്കൊണ്ടിരിക്കുന്നു. ചില പുരോഗമന വാദികള്‍ പറയുന്നത് വേദവാക്യമായെടുത്ത് മുസ്ലിംകളുടെ വിശ്വാസ ആചാരങ്ങളെയും ശരീഅത്തിനെയും അനാവശ്യമായി വിമര്‍ശിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

കാന്തപുരവും ഇടതുപക്ഷവുമായുള്ള ചാലക ശക്തിയായി പ്രവര്‍ത്തിച്ച കെ.ടി ജലീല്‍ പി.ടി.എ റഹീം തുടങ്ങിയ നേതാക്കളെ മുഖപ്രസംഗം തള്ളിപ്പറയുന്നുണ്ട്. സംഘടനാ പ്രശ്നങ്ങള്‍ കാരണം മുസ്ലിം ലീഗില്‍ നിന്ന് പുറത്തുവന്നവരെയും മതം അനുവര്‍ത്തിക്കാത്ത ബുദ്ധി ജീവികളെയും കൂടെ നിര്‍ത്തി മുസ്ലിംകളെ വശത്താക്കാമെന്ന ധാരണ സി.പി.ഐ.എം തിരുത്തണമെന്ന് മുഖപ്രസംഗത്തിലെ പരാമര്‍ശം.

മുഖ്യധാരാ മുസ്ലിം നേതൃത്വത്തെ വിശ്വാസത്തിലെടുത്തുകൊണ്ടുളള നീക്കമാണ് നടത്തേണ്ടത്. മുസ്ലീങ്ങളുടെ മനസ്സ് വായിക്കാന്‍ സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും സംഭവിച്ച പിഴവ് ഇനിയും ആവര്‍ത്തിക്കരുതെന്നും മുഖപ്രസംഗം പറയുന്നു.