ശബ്‌ദ മലിനീകരണമുണ്ടാക്കിയാല്‍ കര്‍ശന നടപടി: ജില്ലാ കലക്‌ടര്‍

മലപ്പുറം: തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട്‌ ശബ്‌ദ മലിനീകരണമുണ്ടാവുന്നവിധം ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌ക്കരന്‍ അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മൈക്ക്‌ ഓപ്പറേറ്ററുടെ ലൈസന്‍സ്‌ റദ്ദാക്കി ഉപകരണങ്ങള്‍ പിടിച്ചെടുക്കും. തെരെഞ്ഞെടുപ്പ്‌ യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്തിന്‌ ഒരുമണിക്കൂര്‍ മുമ്പ്‌ മാത്രം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ച്‌ യോഗം കഴിഞ്ഞാലുടന്‍ ഓഫാക്കണം.
രാവിലെ ആറുമുതല്‍ രാത്രി 10 വരെ മാത്രമാണ്‌ ഉച്ചഭാഷിണികള്‍/മൈക്രോഫോണ്‍/മറ്റ്‌വാദേ്യാപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കുക. വ്യവസായ മേഖലയില്‍ 75-70 ഡെസിബെല്‍, വാണിജ്യ മേഖലയില്‍ 55-45 ഡെസിബെല്‍, ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിക്കുളളിലെ നിശബ്‌ദ മേഖലയില്‍ 50- 40 ഡെസിബെല്‍ തോതില്‍ മാത്രമേ ഉച്ചഭാഷിണികള്‍, മൈക്ക്‌ സെറ്റ്‌ തുടങ്ങിയവ ഉപയോഗിക്കാവൂ.
ആശുപത്രികള്‍/വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ പരിധിക്കുളളിലെ നിശബ്‌ദ മേഖലയില്‍ സൗണ്ട്‌ ആംപ്ലിഫയര്‍ ഉപയോഗിച്ച്‌ 50 ഡെസിബെലിന്‌ മുകളില്‍ ശബ്‌ദം പുറപ്പെടുവിക്കുന്നത്‌ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. പൊതു ജനങ്ങള്‍ക്ക്‌ ശബ്‌ദ മലിനീകരണം സംബന്ധിച്ച്‌ പരാതികളുണ്ടെങ്കില്‍ കളക്‌ടറേറ്റിലെ തെരഞ്ഞെടുപ്പ്‌ വിഭാഗത്തിലെ 0483 2734999 അറിയിക്കാം.
യോഗങ്ങളില്‍ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തുന്നതിനും അതത്‌ പൊലീസ്‌ സ്റ്റേഷനുകളില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങണം. ക്രമസമാധാന പാലനത്തിലും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്‌ പോലീസ്‌ വകുപ്പിന്‌ സൗകര്യമൊരുക്കുന്നതിനായി യോഗം നടത്തുന്ന സ്ഥലം, സമയം എന്നിവ ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥിയോ പാര്‍ട്ടി അധികാരികളോ പൊലീസിനെ അറിയിക്കണം. പ്രചാരണ വാഹനങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരില്‍ വരാണാധികാരിയില്‍ നിന്ന്‌ വാഹനപാസ്‌ ലഭിച്ചിരിക്കണം. വാഹനപാസ്‌ നല്‍കിയാല്‍ മാത്രമേ മൈക്ക്‌ അനുമതി പോലീസില്‍ നിന്നും ലഭിക്കുകയുളളൂ.