ശബ്‌ദ ദാനം: വോയ്‌സ്‌ ബാങ്ക്‌ ജില്ലാതല ഉദ്‌ഘാടനം

വായനാവാരത്തോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബ്‌ദ ദാനം- വോയ്‌സ്‌ ബാങ്ക്‌ തുടങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെയും കേരള ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ യൂത്ത്‌ ഫോറത്തിന്റെയും സഹകരണത്തോടെയാണ്‌ കാഴ്‌ച-വെല്ലുവിളി നേരിടുന്നവര്‍ക്ക്‌ ശബ്‌ദത്തിലൂടെ വായന സാധ്യമാക്കുന്നതിനുള്ള പരിപാടിക്ക്‌ തുടക്കമിടുന്നത്‌. ഇന്ന്‌ (ജൂണ്‍ 24) ഉച്ചയ്‌ക്ക്‌ 12 ന്‌ സിവില്‍ സ്റ്റേഷനിലെ ഐ.ടി@സ്‌കൂള്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റാ മമ്പാട്‌ ഉദ്‌ഘാടനം ചെയ്യും. ‘ഡെയ്‌സി’ സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ശബ്‌ദം ആദ്യം റിക്കോര്‍ഡ്‌ ചെയ്യും. തുടര്‍ന്ന്‌ കാഴ്‌ച വെല്ലുവിളി നേരിടുന്നവര്‍ക്ക്‌ നേരത്തെ ശബ്‌ദം നല്‍കിയ വീമ്പൂര്‍ യു.പി. സ്‌കൂളിലെ 10 വിദ്യാര്‍ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറും.
വിദ്യാര്‍ഥികളുടെ ശബ്‌ദം ദാനം ചെയ്യാന്‍ തയ്യാറായ എം.എസ്‌.പി., സെന്റ്‌ ജെമ്മാസ്‌ ഹൈസ്‌കൂളുകള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും കൈമാറും. പിന്നീട്‌ ഇന്‍ഫര്‍മേഷന്‍ -പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ജില്ലയിലെ പ്രമുഖ വ്യക്തികള്‍ വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നത്‌ റിക്കോഡ്‌ ചെയ്‌ത്‌ ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡിന്‌ കൈമാറും. ആദ്യ ഘട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിലെ പ്രിസം പദ്ധതിയില്‍ ബ്ലോക്ക്‌ തലത്തില്‍ നിയമിതരായ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരും പങ്കാളികളാവും.