ശബ്ദസാഗരം മൂകമായി ഓര്‍മകള്‍ അഗ്നിപുതച്ചു

കണ്ണൂര്‍:  ശ്രീ സുകുമാര്‍ അഴീക്കോടിന്റെ ഭൗതീക ശരീരം പയ്യാമ്പലം കടപ്പുറത്ത് സംസ്‌കരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സഹോദരി പുത്രനും സഹായി സുരേഷും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരചടങ്ങുകള്‍ നടന്നത്.
ഭരണ രാഷ്ട്രീയ സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉച്ചയോടെ വിലാപയാത്രയായി കടപ്പുറത്തെത്തിച്ചേര്‍ന്ന മൃദദേഹത്തിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ രാവിലെ മുതല്‍ കണ്ണൂരിലേക്ക് ആയിരങ്ങളാണ് എത്തിചേര്‍ന്നത്. പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെത്തിച്ച് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു. കേന്ദ്ര സഹമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രി കെ.സി.ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എംപി, എം. മുകുന്ദന്‍ തുടങ്ങിയവര്‍ രാവിലെ അഴീക്കോടിന് അന്ത്യോപചാരം അര്‍പ്പിച്ചു.
ആധുനിക കേരളത്തിന്റെ ഭൂപടം നിര്‍മിച്ച ധിഷണാശാലികളായ മനീഷികള്‍ക്കൊപ്പം ഈ സാഗര തീരത്ത് ഇനി അഴീക്കോടിന്റെ സ്മരണകളും.