ശതാബ്ദിയുടെ നിറവില്‍ കെ പുരം ജി എല്‍ പി സ്‌കൂള്‍

താനൂര്‍: ശതാബ്ദിയുടെ നിറവില്‍ കെ പുരം ജി എല്‍ പി സ്‌കൂള്‍. ശതാബ്ദി സംഗമത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് നാളെ സമാപനമാകും.

 

1912ല്‍ ആരംഭിച്ച കേരളാധീശ്വരപുരം ഹിന്ദു സ്‌കൂള്‍ ആണ് ഇന്ന് കാണുന്ന കെ പുരം ജി ല്‍ പി സ്‌കൂളായി മാറിയത്. പേര് ഹിന്ദു ബോര്‍ഡ് സ്‌കൂള്‍ എന്നാണെങ്കിലും വിവിധ മതസ്ഥരായ നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും അറിവ് പകര്‍ന്നതായി ചരിത്രരേഖകള്‍ പറയുന്നു. സ്‌കൂളിന്റെ ചരിത്രം അന്വേഷിച്ചിറങ്ങിയ പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കൗതുകകരമായ നിരവധി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. 1912 ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച സ്‌കൂളില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ഥി കല്ലേരി പറമ്പില്‍ കൃഷ്ണന്‍ കുട്ടിയും ആദ്യ പ്രധാനധ്യാപകന്‍ അനന്തനാരായണ അയ്യരാണെന്നും വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കാവുങ്ങല്‍ ഗോപാലന്‍ നായര്‍, കുഞ്ഞപ്പുനായര്‍ ഇവരാണ് സ്‌കൂളിന് വേണ്ടി ആദ്യ കാലങ്ങളില്‍ സൗകര്യം ചെയ്തു കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിശ്ശേരി ശേഖരന്‍ നായര്‍ സ്‌കൂളിന് സംരക്ഷണം നല്‍കി വന്നു. 1980ലും 1994ലും ഒക്കെയാണ് സ്‌കൂളിന് വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. സ്ഥലസൗകര്യങ്ങളുടെ ലഭ്യത പ്രതിസന്ധിയായപ്പോള്‍ 2006ല്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ ഏറ്റെടുത്തു. ഇതിന് ശേഷം മികച്ച സൗകര്യങ്ങളിലേക്ക് സ്‌കൂള്‍ ചുവടുവെച്ചു.

 
സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കെ പുരം ഗ്രാമം അതിയായ ആഹ്ലാദത്തിലാണ്. പ്രദേശവാസികളുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും താനാളൂര്‍ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്. ശതാബ്ദി സ്മാരകമായി നിര്‍മിക്കപ്പെട്ട മള്‍ട്ടിമീഡിയ ക്ലാസ് റൂം, ടി കെ ജനാര്‍ദ്ദനന്‍ സ്മാരക സ്റ്റേജ്, പടിപ്പുര എന്നിവയുടെ സമര്‍പ്പണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിക്കുക. 96 വയസ്സുകാരിയായ പൂര്‍വ്വ വിദ്യാര്‍ഥിനി തങ്കമാളു അമ്മയില്‍ തുടങ്ങി 5 വയസ്സായ ഇപ്പോഴത്തെ വിദ്യാര്‍ഥികള്‍ വരെ പങ്കെടുക്കുന്ന ഗുരുശിഷ്യ സംഗമം പരിപാടിക്ക് പുത്തനുണര്‍വ്വാകും. ഉച്ചക്ക് പ്രദേശവാസികള്‍ക്ക് പിറന്നാള്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 5ന് സമാപന സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കാലാപരിപാടികളും അരങ്ങേറും.

 

Related Articles