വ്യാപാരിയുടെ കൊല സദാചാര പ്രശ്‌നമെന്ന് സൂചന.

കോഴിക്കോട് : നഗരത്തിലെ പ്രമുഖ വ്യാപാരിയും ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയുമായ നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയത് സദാചാരവിഷയമാണെന്ന് സൂചന. കൊലപാതകത്തിന് പിടിയിലായ അഞ്ചുപേരടങ്ങുന്ന സംഘത്തെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഒന്നാം പ്രതിയായ നിസാമില്‍ നിന്നാണ് കൊലപാതകത്തിലേക്കെത്തിയ വിഷയത്തിനു കാരണം അവിഹിത ബന്ധമാണെന്ന് മൊഴി പോലീസിന് ലഭിച്ചത്.

ഭീഷണിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സംഘം നസീറിനെ കൈകാര്യം ചെയ്തതെങ്കിലും ശബ്ദമുണ്ടാക്കിയപ്പോള്‍ ശാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴി എന്ന് പറയപ്പെടുന്നു.

നിലമ്പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. പിടിയിലായ നാലുപേര്‍ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണെന്നാണ് സൂചന.

ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട വെള്ളിയാഴ്ച രാത്രിയാണ് നസീര്‍ കൊല്ലപ്പെട്ടത്. രാത്രി 11.35 നും 12.39 നിടയിലുമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സ്ഥിരീകരണം. മലാപറമ്പ് ബൈപ്പാസിനടുത്ത് ചേവരമ്പലം പച്ചാക്കലിലാണ് പിറ്റേന്ന് രാവിലെ മൃതദേഹം കണ്ടത്.