വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌;ദില്ലി നിയമമന്ത്രി ജിതേന്ദര്‍ തോമര്‍ അറസ്‌റ്റില്‍

delhiദില്ലി: തെരഞ്ഞെടുപ്പുവേളയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയതിന്‌ ദില്ലി നിയമമന്ത്രി ജിതേന്ദര്‍ തോമര്‍ അറസ്‌റ്റിലായി. നോട്ടീസ്‌ നല്‍കാതെയായിരുന്നു പോലീസ്‌ അറസ്‌റ്റ്‌. തോമറിന്‌ നിയമ ബിരുദം നല്‍കിയിട്ടില്ലെന്ന്‌ അലഹബാദ്‌ സര്‍വകലാശാല അറിയിച്ചിരുന്നു. ബിഹാറിലെ തിലക്‌ മഞ്‌ജി ഭഗല്‍പൂര്‍ സര്‍വകലാശാല രേഖകളില്‍ അങ്ങനെയൊരു സര്‍ഫിക്കറ്റ്‌ ഇല്ലെന്ന്‌ അധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലഫ്‌നന്റ്‌ ഗവര്‍ണറാണ്‌ തോമറെ അറസ്‌റ്റ്‌ചെയ്യാന്‍ അനുമതി നല്‍കിയത്‌. ഇന്നലെ രാത്രിയാണ്‌ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌.

മന്ത്രിയുടെ അറസ്റ്റിന്റെ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്ന്‌ ദില്ലി പോലീസ്‌ മേധാവി ബി.എസ്‌ ബസി പറഞ്ഞു.

നോട്ടീസ്‌ നല്‍കാതെയുള്ള അറസ്‌റ്റ്‌ നീതി നിഷേധമാണെന്ന്‌ ആംആദ്‌മി പാര്‍ട്ടി. ജയിലില്‍ അടച്ച്‌ പക തീര്‍ക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ഇത്തരം നടപടികളിലൂടെ ആംആദ്‌മി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും സഞ്‌ജയ്‌ സിംഗ്‌ പറഞ്ഞു.