വ്യാജസിമന്റ് കോണ്‍ക്രീറ്റ് റെയില്‍വേയിലും.

പരപ്പനങ്ങാടി :റെയില്‍വേ വൈദ്യൂതീകരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി റെയില്‍വേ ഗേറ്റിനു സമീപം തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്‍ ബ്ലോക്ക് കട്ടപിടിച്ച സിമന്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.
കണ്ണൂര്‍ മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ തൂണുകള്‍ സ്ഥാപിക്കുന്നതിന് കമാനി എഞ്ചിനീയറിംങ് കമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്. റെയില്‍വേ ഗ്രേഡ് വണ്‍ സൂപ്പര്‍വൈസര്‍ സജ്ഞീവ്, കമ്പനി എഞ്ചിനീയര്‍ അനൂപ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇരുപതോളം തൊഴിലാളികള്‍ വളരെ ധൃതി പിടിച്ച് കോണ്‍ക്രീറ്റ് ചെയ്യുവാന്‍ തുടങ്ങവേയാണ് 80 ശതമാനത്തിലധികം കട്ടയായ സിമന്റ് ചാക്കുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ കോണ്‍ക്രീറ്റ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി അധികൃതര്‍ ധിക്കാരപരമായി തട്ടി കയറുകയും, നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. കട്ട പിടിച്ച സിമന്റ് രാസപ്രവര്‍ത്തനം നടന്നതിനാല്‍ സിമന്റിന്റെ യാതൊരു ഗുണവും ഉണ്ടാകില്ലെന്നുറപ്പാണ്. വളരെ സുരക്ഷിതത്വം ആവശ്യമുള്ള ഇത്തരം പ്രവര്‍ത്തികളില്‍ വന്‍ അഴിമതികള്‍ നടക്കുന്നത് കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്.

ഏകദേശം 2 മീറ്റര്‍ ചുറ്റളവിലുള്ള രണ്ട് വലി കുഴികള്‍ റെയില്‍വേ ട്രാക്കിനോട് അടുത്ത് കിടക്കുന്നത് അപകടത്തിന് കാരണമാവാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. റെയില്‍വേ ഉന്നതോദ്യഗസ്ഥര്‍ സ്ഥലത്ത് എത്താതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനനുവദിക്കില്ലെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്ക്.