വ്യാജമദ്യ ഒഴുക്കും ലഹരിക്കടത്തും തടയുന്നതില്‍ ജാഗ്രത പുലര്‍ത്തണം .-കലക്ടര്‍

Story dated:Tuesday September 6th, 2016,06 00:pm
sameeksha sameeksha

മലപ്പുറം: ഓണഘോഷത്തോടനുബന്ധിച്ച്‌ ജില്ലയില്‍ വ്യാജ മദ്യത്തിന്റെ ഒഴുക്കും ലഹരി വസ്‌തുകളുടെ കടത്തും തടയുന്ന പ്രവര്‍ത്തനങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടതുല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കലക്‌ടര്‍ എ.ഷൈനമോള്‍ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടു. ഓണാഘോഷത്തോടനുബന്ധിച്ച്‌ വ്യാജമദ്യ ലഹരി വസ്‌തുളുടെ അനധിക്യത കടത്ത്‌ തടയുന്നതിന്റെ ഭാഗമായി കലക്‌റ്ററേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു ജില്ലാ കലക്‌ടര്‍. . ലഹരി വിമുക്ത ഓണാഘോഷം നടത്തുന്നുവെന്ന്‌ ഉറപ്പാക്കാന്‍ പൊതുജനങ്ങളോടും ജില്ലാ കലക്‌ടര്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിക്ക്‌ അടിമയാകുന്ന സഹചര്യം കൂടതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന പശ്ചാതലത്തില്‍ ലഹരി വസ്‌തുക്കളുടെ വിനിമയവും,വില്‍പനയും ഉപയോഗവും ശ്രദ്ധയില്‍ പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിക്കാനും ആവിശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക്‌. 1800-425-48-86 എന്ന ടോള്‍ ഫ്രീ നംപറില്‍ വിളിക്കാം.

താലൂക്ക്‌ തല സ്‌പെഷ്യല്‍ സ്‌കോഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെപ്‌റ്റംബര്‍ 10 മുതല്‍ റവന്യൂ, എക്‌സൈസ്‌, ഫോറസ്റ്റ്‌, പൊലീസ്‌, വകുപ്പുകള്‍ ചേര്‍ന്ന്‌ പ്രത്യേക പരിശോധന നടത്തും. ഇതിന്റെ പ്രവര്‍ത്തനത്തിനായി താലൂക്ക്‌ തലത്തില്‍ ഒരോ വാഹനം ജില്ലാ കലക്‌ടര്‍ അനുവദിച്ചു.
ചെക്ക്‌ പോസ്റ്റുകളില്‍ കേന്ദ്രികരിച്ചുള്ള നിലവിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്താനും സ്‌കൂളുകള്‍ കേന്ദ്രികരിച്ച്‌ നടത്തുന്ന ലഹരി വിരുദ്ധ പ്രചരണം ശക്തമാക്കാനും തീരുമാനമായി.
എക്‌സൈസ്‌ വകുപ്പ്‌ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ 731 റൈഡുകള്‍ നടത്തിയതായി യോഗത്തില്‍ അറിയിച്ചു. 116 അബ്‌കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 106 പ്രതികളെ അറസ്റ്റ്‌ ചെയ്‌തു. 5.8 ഗ്രാം കഞ്ചാവും , 305.2 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. 391 ലിറ്റര്‍ വാഷ്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ചു. 57 ഇതരസംസ്ഥാന ലേബര്‍ കോളനികള്‍ പരിശോധനകള്‍ നടത്തി 348 കള്ള്‌ ഷാപ്പുകള്‍ പരിശോധിച്ച്‌ 301 സാമ്പിളുകളും 62 ബീയര്‍ പാര്‍ലറുകള്‍ പരിശോധിച്ച്‌ 21 സാമ്പിളുകളും ശേഖരിച്ച്‌ പരിശോധനയ്‌ക്ക്‌ അയച്ചു.
യോഗത്തില്‍ എ.ഡി.എം. പി. സൈയിദലി, എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷനര്‍ ടി.വി റാഫേല്‍, അസിസ്റ്റന്‍ഡ്‌ എക്‌സൈസ്‌ കമ്മീഷനര്‍ പി. ബാലകൃഷ്‌ണന്‍ പോലീസ്‌ ,വിവിധ വകുപ്പ്‌ ജീവനക്കാര്‍ പങ്കെടുത്തു.