വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ്: ഖത്തറില്‍ മലയാളിക്ക് മൂന്നുവര്‍ഷം തടവും നാടുകടത്തലും

Untitled-1 copyദോഹ: ഉദ്യോഗക്കയറ്റം ലഭിക്കാനായി വ്യാജ ബി.എസ്.സി ബിരുദസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന് മലയാളിക്ക് മൂന്നുവര്‍ഷം തടവും ശേഷം നാടുകടത്താനും കോടതി വിധി. ദോഹ ക്രിമിനല്‍ കോടതിയാണ് ഉത്തരവിട്ടത്. പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്.

2006ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് നേടിയതായാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് സര്‍വ്വകലാശാലയുടെ ഔദ്യോഗിക സ്റ്റിക്കര്‍ വ്യാജസര്‍ട്ടിഫിക്കറ്റില്‍ പതിക്കുകയും പിന്നീട് വ്യാജ ഒപ്പിടുകയും മുംബൈയിലെ ഖത്തര്‍ എംബസിയുടെ വ്യാജ സീല്‍ പതിക്കുകയും ചെയ്തശേഷം സാക്ഷ്യപ്പെടുത്താനായി ദോഹയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരിക്കുകയായിരുന്നു സര്‍ട്ടിഫിക്കറ്റ്.
സര്‍ട്ടിഫിക്കറ്റിന്റെ ഘടനയില്‍ സംശയം തോന്നിയ അധികൃതര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കുകയും വ്യാജനിര്‍മ്മിതിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാനായി പ്രതി മറ്റൊരു വ്യക്തിക്ക് 20,000 ഇന്ത്യ രൂപ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.