വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ ഒരുദിവസം കൂടി അവസരം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന്‌ പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ ഏപ്രില്‍ 19 കൂടി അവസരം. 2016 ജനുവരി ഒന്നിന്‌ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ രാത്രി 12 വരെ ceo.kerala.gov.in ലെ e-registration ലിങ്ക്‌ വഴി ഓണ്‍ലൈനായി പേര്‌ ചേര്‍ക്കാം. തുടര്‍ന്ന്‌ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരാണ്‌ രേഖകള്‍ പരിശോധിച്ച്‌ അപേക്ഷകനെ ഉറപ്പുവരുത്തുന്നത്‌.
ജില്ലയില്‍ ഏപ്രില്‍ 17 വരെയുള്ള കണക്കു പ്രകാരം 30,00,287 വോട്ടര്‍മാരാണുള്ളത്‌. ഇവരില്‍ 14,75,510 പേര്‍ പുരുഷന്മാരും 15,24,777 പേര്‍ സ്‌ത്രീകളുമാണ്‌. ജില്ലയില്‍ സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണം പൊതുവെ കുറവാണെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കുറവ്‌ അനുഭവപ്പെടുന്ന അഞ്ച്‌ മണ്‌ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക കാംപയിന്‍ നടത്തിയതായും ആദിവാസി- ഗോത്രവര്‍ഗ മേഖലകളില്‍ പോളിങ്‌ ശതമാനം വര്‍ധിപ്പിക്കുന്നതിന്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ജില്ലാ കലക്‌ടര്‍ പറഞ്ഞു.