വൈദ്യുതി ലൈന്‍ പൊട്ടിവീണ്‌ യുവതി മരിച്ചു

Untitled-1 copyതേഞ്ഞിപ്പലം: വീടിനുപുറത്ത്‌ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവതി വൈദ്യുതി ലൈന്‍ പൊട്ടിവീണ്‌ മരിച്ചു. തേഞ്ഞിപ്പലം കൊളത്തോട്‌ കുണ്ടലംകടവത്ത്‌ കേളനാരി കൃഷ്‌ണദാസന്റെ ഭാര്യ രേഷ്‌മ(27)യാണ്‌ വൈദ്യുതാഘാതമേറ്റ്‌ മരിച്ചത്‌. ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ്‌ സംഭവം നടന്നത്‌.

വീടിന്റെ പിന്‍ഭാഗത്ത്‌ നിന്ന്‌ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ്‌ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ശരീരത്തിലേക്ക്‌ പൊട്ടിവീണ്‌ അപകടം സംഭവിച്ചത്‌. അമ്മയെ കാണാത്തതിനെ തുടര്‍ന്ന്‌ തിരഞ്ഞെത്തിയ അഞ്ചുവയസുകാരനായ മകന്‍ ആദികൃഷണനാണ്‌ രേഷ്‌മ വീണുകിടക്കുന്നത്‌ കണ്ടത്‌. കുട്ടി അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി രേഷ്‌മയെ എണീപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കൈകള്‍ക്ക്‌ വൈദ്യുതാഘാതം ഏറ്റതോടെ ബഹളം വെച്ച്‌ നാട്ടുകാരെ വരുത്തുകയായിരുന്നു.

ഉടന്‍തന്നെ ചേളാരിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. അവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകവെ വഴിമദ്ധ്യേ രേഷ്‌മ മരിച്ചു. രേഷ്‌മ സംസാരിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിച്ചിതറിയനിലയില്‍ കിടക്കുന്നുണ്ട്‌. തൊട്ടടുത്ത പറമ്പിലെ മാവില്‍ തൊട്ടുരുമ്മി നിന്നിരുന്ന വൈദ്യുതി ലൈനാണ്‌ പൊട്ടിവീണത്‌. ഇതിനെതിരെ കെഎസ്‌ഇബിക്ക്‌ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപമുണ്ട്‌.

ഒരുമാസം മുമ്പാണ്‌ ദക്ഷിണാഫ്രിക്കയില്‍ നിര്‍മ്മാണ ജോലയില്‍ ഏര്‍പ്പെട്ടിരുന്ന കൃഷ്‌ണദാസ്‌ നാട്ടില്‍വന്ന്‌ പോയിട്ട്‌. രേഷ്‌മയുടെ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. കൃഷ്‌ണദാസ്‌ എത്തിയതിനുശേഷം സംസ്‌ക്കാരം നടത്തും.

ചെട്ടിപ്പടി നമ്പ്യാരുവീട്ടില്‍ രാമദാസന്റെയും പുഷ്‌പയുടെയും മകളാണ്‌. സഹോദരന്‍ ശ്രീരേഷ്‌.