വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്‌;മഴ ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധി;കെഎസ്‌ഇബി

electricityതിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്‌ ഉയരുന്നു. 81.7 ദശലക്ഷം യൂണിറ്റ്‌ പിന്നിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. മഴ ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. 17 ദിവസത്തേക്ക്‌ വൈദ്യുതി ഉല്‍പ്പാതിപ്പിക്കാനുള്ള ജലം മാത്രമെ ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നുള്ളുവെന്ന്‌ കെഎസ്‌ഇബി വ്യക്തമാക്കി.

25 വര്‍ഷത്തിനു ശേഷമുള്ള കൂടിയ ഉപഭോഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. 80 ദശലക്ഷത്തിനു മുകളില്‍ വൈദ്യുതി ഉദ്പാദനം വര്‍ധിച്ചാല്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.

10.1 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം മൂലമറ്റം പവര്‍ഹൗസില്‍ ഉത്പാദിപ്പിച്ചത്. ആറു ജനറേറ്ററുകളും ഇന്നലെ പ്രവര്‍ത്തിപ്പിച്ചു. അതേസമയം അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി താഴുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 17 ദിവസത്തെ വൈദ്യുതോല്‍പ്പാദനത്തിനുള്ള ജലം മാത്രമാണ് ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ളത്. ജലനിരപ്പ് 2280 അടിയില്‍ താഴ്ന്നാല്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തേണ്ടിവരും.

മൂന്നു ലക്ഷം ലിറ്ററിലേറെ ജലം ബാഷ്പീകരണത്തിലൂടെ പ്രതിദിനം നഷ്ടപ്പെടുന്നുണ്ട്. ചൂട് വര്‍ധിച്ച് ബാഷ്പീകരണ തോത് ഉയര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും കുത്തനെ താഴും. മഴ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും ഉണ്ടാവുകയെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്.