വൈദ്യുതി അപകടങ്ങള്‍ വിളിച്ചറിയിക്കാം : ടോള്‍ഫ്രീ നമ്പര്‍ 1912

Untitled-1 copyവൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ കെ.എസ്‌.ഇ.ബിയുടെ 1912 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച്‌ വിവരമറിയിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്‍ അറിയിച്ചു. അപകടങ്ങള്‍ക്ക്‌ പുറമെ ദീര്‍ഘനേരം വൈദ്യുതി മുടങ്ങിയാലും വൈദ്യുതി ലൈനിലേക്ക്‌ വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ കണ്ടാലും വൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റ്‌ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഈ നമ്പര്‍ ഉപയോഗപ്പെടുത്താം. ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈദ്യുതി അപകട നിവാരണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി തൂണുകളിലെ പരസ്യങ്ങള്‍ കെ.എസ്‌.ഇ.ബി. യുടെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ യോഗം തീരുമാനിച്ചു.

ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം വൈദ്യുതി ഷോര്‍ട്‌ സര്‍ക്യൂട്ട്‌ കാരണം 41 തീപിടുത്തങ്ങള്‍ ഉണ്ടായതായി കെ.എസ്‌.ഇ.ബി. അധികൃതര്‍ അറിയിച്ചു. എന്നാല്‍ തീപിടുത്തം കാരണം ആളപായം ഉണ്ടായിട്ടില്ല. രാത്രിയിലാണ്‌ തീപിടുത്തം കൂടുതലായി ഉണ്ടാകുന്നതെന്നും ഇന്‍വര്‍ട്ടര്‍, ചാര്‍ജ്‌ ചെയ്യുന്ന മൊബൈല്‍ ഫോണ്‍ എന്നിവ ചൂടായി തീ പടരുന്നതാണ്‌ ഇതിന്‌ പ്രധാന കാരണമെന്നും യോഗം വിലയിരുത്തി. റെയില്‍വേയില്‍ രാത്രി 10 നു ശേഷം മൊബൈല്‍ ചാര്‍ജിങ്‌ അനുവദിക്കുന്നില്ലെന്നും പൊതുജനങ്ങള്‍ ഇത്‌ പിന്തുടരാന്‍ തയ്യാറായാല്‍ തീപിടുത്തം കുറയ്‌ക്കാന്‍ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.

നിലവാരമില്ലാത്ത വയറിങ്‌ ഉപകരണങ്ങള്‍ വൈദ്യുതി വഴിയുള്ള അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി യോഗം വിലയിരുത്തി. നിര്‍മാണ മേഖലയില്‍ ഡബിള്‍ ഇന്‍സുലേറ്റഡ്‌ വയര്‍ ഉപയോഗിക്കാത്തവരുടെ വയറിങ്‌ ലൈസന്‍സ്‌ റദ്ദാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി. ഡി. അശോക്‌കുമാര്‍, കെ.എസ്‌.ഇ.ബി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍മാരായ ആര്‍. രാജേഷ്‌, ടി.എ. അജിത്‌ കുമാര്‍, എസ്‌. ഷരീഫ്‌, കെ.എസ്‌. രജനി, സി.പി. ഷറഫുദീന്‍, സി.എ. സജി, എം.എ. പ്രവീണ്‍, പി.ഇ. മുഹമ്മദ്‌ സാലിഹ്‌, സെയ്‌ത്‌ സലീം, വി.എന്‍. പ്രസാദ്‌, ടി.യു. ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു.