വേനലെത്തുന്നു; ഭീതിയൊഴിയാതെ താനൂര്‍ തീരപ്രദേശം

താനൂര്‍: വേനല്‍ രൂക്ഷമാകുന്നതോടെ ആശങ്കയൊഴിയാതെ താനൂര്‍ തീരപ്രദേശം. വേനല്‍ കനക്കുന്നതോടെ ഓരോ വര്‍ഷവും ഓലവീടുകള്‍ കത്തിനശിക്കുന്നതാണ് കടലോര വാസികളെ ഭീതിയിലാഴ്ത്തുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഓലക്കുടിലുകള്‍ ഉള്ള പ്രദേശം കൂടിയാണ് താനൂര്‍. മത്സ്യതൊഴിലാളികളുടെ പുരോഗതിക്ക് ആക്കംകൂട്ടുന്ന മത്സ്യഗ്രാമം പദ്ധതിയില്‍ തീരദേശം ഉണ്ടെങ്കിലും പദ്ധതി വളരെ പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. തീരസംരക്ഷണ നിയമവും പട്ടയ പ്രശ്‌നങ്ങളും ആണ് വീട് നിര്‍മാണത്തിന് വിലങ്ങുതടി തീര്‍ക്കുന്നത്.
രണ്ട് വര്‍ഷത്തിനിടക്ക് പത്തിലധികം വീടുകള്‍ അഗ്നിക്കിരയായതിന്റെ ഭീതിയിലാണ് തീരദേശത്തെ നിര്‍ധനരായ മത്സ്യതൊഴിലാളികള്‍. തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും വീടുകളെല്ലാം ചാരം മാത്രമാകുന്നത് പതിവായിരുന്നു. ചൂട് വര്‍ദ്ധിക്കുന്നതോടെ പ്രദേശത്തെ കാറ്റിന്റെ വേഗത പ്രതികൂലമാകുന്നതാണ് പ്രധാന പ്രശ്‌നം. ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് തീരപ്രദേശത്ത് പ്രത്യാശ പകര്‍ന്ന തീരുമാനമായിരുന്നു. ജില്ലയില്‍ നിന്ന് പുറത്തൂരും താനൂരുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്.
പിന്നീട് യു ഡി എഫ് സര്‍ക്കാരിന്റെ ബജറ്റിലും താനൂര്‍ പരിഗണിക്കപ്പെട്ടു. നിരവധി മത്സ്യതൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന പദ്ധതി താനൂര്‍ തീരപ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് പ്രചോദനമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുന്നൂറിലധികം ഓലവീടുകളുള്ള താനൂരിലെ തീരപ്രദേശങ്ങളില്‍ മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വൈദ്യുതീകരിക്കപ്പെട്ട വീട്, കുടിവെള്ളം, കക്കൂസ് തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കുന്നതാണ് മത്സ്യഗ്രാമം പദ്ധതി. അധികൃതര്‍ ഇതുസംബന്ധിച്ച് ഉടന്‍ അനുഭാവപൂര്‍ണമായ നിലപാടെടുക്കുമെന്ന പ്രത്യാശയിലാണ് തീരപ്രദേശത്തുകാര്‍.
രണ്ട് വര്‍ഷം മുമ്പ് ഒസ്സാന്‍ കടപ്പുറത്ത് വീടിനു തീപിടിച്ചു വൃദ്ധയും രണ്ട് പിഞ്ചുകുട്ടികളും മരണപ്പെട്ടിരുന്നു. എന്നാല്‍ ദുരൂഹത നീങ്ങാത്തത് പ്രതിഷേധത്തിന് കാരണമായി. നാശനഷ്ടങ്ങള്‍ക്കിടയിലും, പിഞ്ചോമനകളെയും ഉമ്മയെയും നഷ്ടപ്പെട്ട കോമുമൊല്ലക്കാനകത്ത് ബീവാത്തുവിന്റെ ദൈന്യത ഇന്നും തീരപ്രദേശത്തിന്റെ നടുക്കുന്ന ഓര്‍മ്മകളായി അവശേഷിക്കുന്നു.