വേനലിന്റെ കാഠിന്യത്തെ ചെറുക്കാന്‍ ആയുര്‍വേദം

ayurveda-holidaysവേനലിന്റെ കാഠിന്യത്തെ ചെറുക്കാന്‍ ആയുര്‍വേദ പരിരക്ഷാ നിര്‍ദേശങ്ങള്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ലീന അറിയിച്ചു. ലഘുവായതും ദഹിക്കാനെളുപ്പമുള്ളതുമായ ഭക്ഷണം, നെയ്യ്‌ ചേര്‍ത്ത കഞ്ഞി, മലര്‍കഞ്ഞി, പാല്‍കഞ്ഞി, ജലാംശം കൂടുതലുള്ള പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കുക. അമിതമായ എരിവ്‌, പുളി, ഉപ്പ്‌, മസാല ചേര്‍ത്തവ, അച്ചാര്‍, ബേക്കറി പലഹാരങ്ങള്‍, മൈദ, ശീതികരിച്ച ഭക്ഷണങ്ങള്‍, മാംസാഹാരം എന്നിവ ഒഴിവാക്കണം. വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
നന്നാരി, കൊത്തമല്ലി തിളപ്പിച്ച വെള്ളം, മണ്‍കൂജയില്‍ തണ്ണുപ്പിച്ച വെള്ളം, കരിമ്പ്‌-മുന്തിരി ജ്യൂസുകള്‍, കരിക്കിന്‍ വെള്ളം, സംഭാരം, നേര്‍പ്പിച്ച പാല്‍ എന്നീ പാനീയങ്ങള്‍ ശീലമാക്കുക. മദ്യം, കാപ്പി, ഉപ്പിട്ട പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. വായുസഞ്ചാരമുള്ളതും ഇളംനിറത്തിലുള്ളതുമായ അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക. ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കി നെല്ലിക്ക/ രാമച്ചം/ നാല്‍പ്പാമരം ഇട്ടു വെന്ത വെള്ളത്തില്‍ രണ്ടു നേരം കുളിക്കണം. ഉച്ചവിശ്രമം അഭികാമ്യമാണ്‌. കഠിനാധ്വാനം, ഉച്ചവെയില്‍ എന്നിവ ഒഴിവാക്കുക. ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നതും ശുദ്ധജലം ഉപയോഗിച്ച്‌ ഇടയ്‌ക്കിടെ മുഖം കഴുകുന്നതും ചൂടിനെ ചെറുക്കാന്‍ സഹായിക്കും. രാത്രിയില്‍ ഉറക്കമിളക്കുന്നതും തണുപ്പിച്ച വെള്ളം ഉപയോഗിക്കുന്നതും ഒഴിവാക്കണം.