വേതനവും ഭക്ഷണവുമില്ലാതെ മലയാളി യുവാക്കള്‍ ദോഹയില്‍ ദുരിതത്തില്‍

Untitled-1 copyദോഹ: വേതനമോ ആനുകൂല്യമോ ഭക്ഷണമോ ലഭിക്കാതെ പതിനൊന്നോളം മലയാളി യുവാക്കള്‍ ദോഹയില്‍ ദുരിത ജീവിതം നയിക്കുന്നു. മലയാളിയുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ്‌ യുവാക്കള്‍ക്ക്‌ ദുരിത ജീവിതം. ഈ സ്ഥാപനത്തിലേക്ക്‌ തൊഴിലാളികളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന്‌ ജോലി ചെയ്യിച്ചതിനു ശേഷം ഇവരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നത്‌. തങ്ങള്‍ക്ക്‌ അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും നല്‍കി തങ്ങളെ എത്രയും പെട്ടെന്ന്‌ നാട്ടിലേക്ക്‌ തിരിച്ചയക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

ഖത്തറില്‍ സന്ദര്‍ശക വിസയില്‍ എത്തിയ ശേഷം തൊഴില്‍ വിസയിലേക്ക്‌ മാറണമെന്ന തൊഴിലുടമയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ തൊഴിലാളികള്‍ ഇവിടെയെത്തിയത്‌. എന്നാല്‍ ഇവിടെ എത്തിയ ഇവര്‍ മൂന്ന്‌ മാസം മുതല്‍ അഞ്ച്‌ മാസം വരെ ജോലി ചെയ്‌തിട്ടും യാതൊരു വേതനവും ആനൂകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ജീവിതം ദുരിതത്തിലായിരിക്കുകയാണ്‌. ഭക്ഷണം പോലും കഴിക്കാന്‍ വഴിയില്ലാതായതോടെ ഇവരില്‍ രണ്ടുപേര്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്‌. മറ്റുള്ളവരും പരാതിയുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ്‌. അതെസമയം തൊഴിലുടമ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ പറയുന്നു.ഏഷ്യനെറ്റ്‌ ന്യൂസിനോടാണ്‌ ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

ഖത്തറിലേക്ക്‌ മറ്റ്‌ കമ്പനികളുടെ പേരിലുള്ള സന്ദര്‍ശക വിസയിലാണ്‌ തൊഴിലാളികളെ കൊണ്ടുവരുന്നത്‌. അതുകൊണ്ടുതന്നെ ഖത്തറിലെ തൊഴില്‍ നിയമമനുസരിച്ച്‌ ഇവര്‍ക്ക്‌ നിയമനടപടികളുമായി മുന്നോട്ട്‌ പോകാന്‍ കഴിയാതെ വരുകയാണ്‌ പൊതുവെ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. ഈ അവസ്ഥയെയാണ്‌ തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത്‌.