വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക്‌ പുതുവത്സര സമ്മാനമായി സൗജന്യ യാത്ര

Untitled-1 copyവേങ്ങര: വേങ്ങര പഞ്ചായത്ത്‌ പരിധിയിലെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ പുതുവര്‍ഷത്തില്‍ വേറിട്ട സമ്മാനം. സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കിയാണ്‌ വേങ്ങര പഞ്ചായത്തും മോട്ടോര്‍ വാഹന വകുപ്പും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വേറിട്ട സമ്മാനം നല്‍കുന്നത്‌. വേങ്ങര പഞ്ചായത്തിന്റെ ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ‘സുഗമ യാത്ര’ എന്ന പേരില്‍ ജനകീയ പങ്കാളിത്തത്തോടെ വ്യത്യസ്‌തമായ പദ്ധതി നടപ്പാക്കുന്നത്‌. ജനുവരി ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി അടുത്ത അധ്യയന വര്‍ഷത്തില്‍ പദ്ധതി പൂര്‍ണതയിലെത്തിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. കുഞ്ഞാലന്‍ കുട്ടി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന ആര്‍.എഫ്‌.ഐ.ഡി. കാര്‍ഡ്‌ ബസില്‍ ഘടിപ്പിച്ചിട്ടുള്ള ഡിവൈസില്‍ സൈ്വപ്‌ ചെയ്‌താല്‍ പഞ്ചായത്ത്‌ ഓഫീസിലെ കംപ്യൂട്ടറിലും രക്ഷിതാക്കളുടെ സ്‌മാര്‍ട്ട്‌ ഫോണിലും സന്ദേശമെത്തും. ഇതുവഴി കുട്ടികള്‍ ബസില്‍ കയറുന്ന സമയം കൃത്യമായി രക്ഷിതാക്കള്‍ക്ക്‌ അറിയാനാകും. വിദ്യാര്‍ഥികള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെയും സൗജന്യമായും യാത്രചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കാനും പുതിയ പദ്ധതി വഴിയൊരുക്കും.

സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു മാതൃകാ പദ്ധതി നടപ്പാക്കുന്നതെന്ന്‌ ആര്‍.ടി.ഒ. എം.പി. അജിത്ത്‌ കുമാര്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്‌ഘാടനം ജനുവരി ഒന്നിന്‌ വൈകുന്നേരം നാലിന്‌ പാലച്ചിറമാട്‌ ബി.ആര്‍.സി. സ്‌കൂളില്‍ വ്യവസായ-ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും.