വെള്ളാപ്പള്ളിയെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പോലീസ്‌

vellappally-natesanആലുവ: മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വെള്ളാപ്പള്ളിയെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പോലാസ്‌ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തും.

ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരമാണ്‌ വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പോലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. മൂന്ന്‌ വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്‌. ആലുവ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ പോലീസ്‌ പ്രഥമവിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. മതസ്‌പര്‍ദ്ധ വളര്‍ത്തുന്നതരത്തില്‍ പ്രസംഗിച്ചതിന്‌ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ ആഭ്യന്തരമന്ത്രിക്ക്‌ കത്ത്‌ നല്‍കിയിരുന്നു.

വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തെക്കുറിച്ച്‌ വന്ന മാധ്യമവാര്‍ത്തകളെല്ലാം പരിശോക്കും. മൂന്ന്‌ മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്‌. ഞയറാഴ്‌ച ആലുവയില്‍ സമത്വമുന്നേറ്റ യാത്രക്ക്‌ നല്‍കിയ സ്വീകരണച്ചടങ്ങിലാണ്‌ വെള്ളാപ്പള്ളി വിവാദ പ്രസംഗം നടത്തിയത്‌. കോഴിക്കോട്‌ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ കുടംുബത്തിന്‌ സര്‍ക്കാര്‍ ധനസഹായം നല്‍കിയത്‌ പ്രത്യേക മതത്തില്‍പ്പെട്ട ആളായതു കൊണ്ടാണെന്നും ആ മതവിഭാഗക്കാരനായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നുമാണ്‌ വെള്ളാപ്പള്ളി അന്ന്‌ പറഞ്ഞത്‌.