വെയിലേറ്റ് വാടല്ലെ……………

സൗന്ദര്യത്തെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട് സമയം ഏതെന്ന് ചോദിച്ചാല്‍ ഈ വേനല്‍ക്കാലം തന്നെ എന്നുള്ളതിന് മറിച്ചൊരു ചിന്തയുടെയും തര്‍ക്കത്തിന്റെയും ആവശ്യമില്ല. കാരണം ശരീരത്തെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന സൂര്യതാപവും പൊടിപടലവും ഉണ്ടാക്കുന്ന ശാരീരിക-സൗന്ദര്യ പ്രശനങ്ങള്‍ ചില്ലറയല്ല. ചൂടുകാലത്ത് സൗന്ദര്യത്തെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ പീന്നീടത് വീണ്ടെടുക്കുക ബുദ്ധിമുട്ടായിരിക്കും എന്നുളള കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.
ഇനി ഇതൊക്കെ കേട്ട് വീട്ടിനുള്ളില്‍ തന്നെ കെട്ടിപൂട്ടിയിരിക്കാന്‍ നമുക്ക് പറ്റത്തില്ലല്ലോ അല്ലേ…, എന്നാല്‍ ഈ ചെറിയ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഈ കൊടും വേനലിലും സുന്ദരിമാരും സുന്ദരന്‍മാരുമായി വിലസാം.
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം…..

വേനല്‍കാലത്തെ ഏറ്റവും വലിയ പ്രശ്‌നം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു എന്നുള്ളതാണ്. അതുകൊണ്ട് ചുരുങ്ങിയത് 2 ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും ദിവസവും കുടിച്ചേ പറ്റൂ. വെള്ളം കുടിക്കന്നതോടെ ജലാംശം കുറഞ്ഞ് ചര്‍മ്മം ഉണങ്ങുന്നത് ഒഴിവാക്കി ചര്‍മ്മത്തിന് തിളക്കവും തുടുപ്പും ഉണ്ടാവുന്നു.
മുഖവും കൈകാലുകളും വൃത്തിയാക്കുമ്പോള്‍ മൃദുലതയുള്ള സ്‌ക്രബ് ഉപയോഗിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. അതുപോലെ വരണ്ടുരണങ്ങിയ ചര്‍മ്മമുള്ളവരാണെങ്കില്‍ ഏതെങ്കിലും കമ്പനിയുടെ സമ്മര്‍ലോഷന്‍സ് പുരട്ടുന്നത് നല്ലതാണ്. ഒരു ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രം ലേഷന്‍സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
മുഖസൗന്ദര്യസംരക്ഷണം ഈ കാലാവസ്ഥയിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. നമ്മുടെ ചര്‍മ്മത്തിനനുസരിച്ചുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് വേനല്‍കാലത്ത് നല്ലത്. അതുപോലെ കഴിയുന്നതും മേക്കപ്പ് ഇട്ട് വെയിലുകൊള്ളാതിരിക്കാനും ശ്രദ്ധിക്കണം. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ പഴങ്ങളുടെ സത്തുപയോഗിച്ചുള്ള മാസ്‌കുകളും പപ്പായ, മാമ്പഴം, തക്കാളി, ഓറഞ്ച് എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ചുള്ള മാസ്‌കും വരണ്ട ചര്‍മ്മമുള്ളവര്‍ പാല്‍പാടയില്‍ പപ്പായ, മാമ്പഴം, മഞ്ഞള്‍, ചന്ദനം എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുള്ള ് മാസ്‌ക് ഇടുന്നതായിരിക്കും നല്ലത്.
മാസ്‌കുകള്‍ മുഖത്തിടുന്നതിനുമുന്‍പായി മുഖം നല്ലപോലെ ഒന്നു മസാജ് ചെയ്ത് നല്ല തണുത്ത വെള്ളത്തില്‍ വൃത്തിയായി കഴുകി ഉണങ്ങിയ വൃത്തിയുള്ള ടൗവല്‍കൊണ്ട് തുടച്ചശേഷം മാത്രം മാസ്‌ക് ഇടാന്‍ ശ്രദ്ധിക്കണം.
പുറത്തുപോയി വന്നാലുടനെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകി വെള്ളരിക്കയോ കക്കരി, ക്യാരറ്റ്, ക്യാബേജ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അരച്ച് മുഖത്ത് തേച്ച് 15 മിനിറ്റിനുശേഷം കഴുകികളയുക. ഇത് വെയിലേറ്റുള്ള ചര്‍മ്മത്തിന്റെ കരിവാളിക്കല്‍ മാറാന്‍ വളരെ നല്ലതാണ്.
ഇത്രയും കാര്യങ്ങളൊന്നു ചെയ്തുനോക്കൂ. നിങ്ങളുടെ മുഖവും ശരീരവും സുന്ദരവു ആകര്‍ഷകവുമാവും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.