വെനസ്വേലയില്‍ വീണ്ടും ഷാവേസ് വസന്തം

കാരക്കാസ് : ലോക ജനത ഉറ്റുനോക്കിയ ജനവിധിയില്‍ വെനസ്വേലയുടെ ധീരനായകന്‍ ഹ്യൂഗോ ഷാവേസ് വന്‍ഭൂരിപക്ഷം സ്വന്തമാക്കി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് ഷാവോസ് വിജയിക്കുന്നത്. ലാറ്റിനമേരിക്കയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ല പോരാട്ടത്തിന്റെ അമരക്കാരാനായ ഷാവോസിന്റെ വിജയം പൊരുതിനേടിയ വിജയം തന്നെയായിരുന്നു. ചെകുവേര ദിനത്തില്‍ ലാറ്റിനമേരിക്കന്‍ ജനത ചുകപ്പിനൊപ്പമാണെന്ന് അടിവരയിടുന്നതാണ് വെനസ്വേലയില്‍ ഷാവേസിന്റെ വിജയം.

അദ്ദേഹം 54.42 ശതമാനം വോട്ട് നേടിയപ്പോള്‍ അമേരിക്കന്‍ പിന്തുണയോടെ മത്സരിച്ച വലതുപക്ഷ എതിരാളി ഹെന്‍റിക് കാപ്രിലെസിന് 44.9 ശതമാനം വോട്ടേ നേടാനായുള്ളൂ.

1.9 കോടിയില്‍പ്പരം വോട്ടര്‍മാരില്‍ 81 ശതമാനം പേര്‍ വോട്ട് ചെയ്തത് രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന റെക്കോഡാണ്.

തോല്‍വി സമ്മതിച്ച പ്രതിപക്ഷത്തെയും അഭിനന്ദിച്ച ഷാവേസ് രാജ്യത്തിന്റെ സമാധാനപരമായ ഭാവിക്ക് തന്നോട് സഹകരിക്കാന്‍

ജനങ്ങളോടഭ്യര്‍ഥിച്ചു. ചുവപ്പുഷര്‍ട്ട് ധരിച്ച് രക്തപതാകകള്‍ വീശിയ അനുയായികള്‍ക്ക് ദേശീയഗാനം പാടിക്കൊടുത്ത ഷാവേസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഫലസൂചന രാത്രി പത്തോടെ ദേശീയ തെരഞ്ഞെടുപ്പു കമീഷന്‍ അധ്യക്ഷ തിബിസെ ലൂസീന  പ്രഖ്യാപിച്ചതോടെ രാജ്യമെങ്ങും ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി. കാരക്കാസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ കരിമരുന്നുപ്രയോഗം നടത്തി. അലയടിച്ച വിജയഗാനങ്ങള്‍ക്കൊപ്പം അവര്‍ നൃത്തച്ചുവട് വച്ചു.

2013 ജനുവരി 10നാണ് ഷാവേസ് പുതിയ ഊഴം തുടങ്ങുക.