വൃക്കരോഗികള്‍ക്ക് കാംപസുകളില്‍ നിന്ന് സഹായം; വിഭവ സമാഹരണം ഡിസംബര്‍ ആദ്യവാരം

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്കരോഗികകളെ സഹായിക്കുന്ന സംരംഭത്തിലേക്ക് ജില്ലയിലെ കോളെജ് വിദ്യാര്‍ഥികളില്‍ നിന്നുള്ള വിഭവ സമാഹരണം ഡിസംബര്‍ ആദ്യവാരത്തില്‍ നടത്താന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന പ്രിന്‍സിപ്പല്‍മാരുടെയും കോളെജ് യൂനിയന്‍ ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍മാര്‍, കോളെജ് യൂനിയന്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോളെജുകളില്‍ വിഭവസമാഹരണം നടത്തുകയെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറയ്ക്കല്‍ പറഞ്ഞു.

മികച്ച പ്രവര്‍ത്തനം നടത്തുന്ന കെളെജ് യൂനിയനുകളെ ട്രോഫികള്‍ നല്‍കി ആദരിക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് കോളെജ് യൂനിയന്‍ ഭാരവാഹികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലന പരിപാടികള്‍ നടത്തും.ജില്ലാ പഞ്ചായത്തിന്റെ പുതിയ സംരംഭമായ തണല്‍ക്കൂട്ടിന്റെ യൂനിറ്റുകള്‍ മുഴുവന്‍ കോളെജുകളിലും രൂപവത്കരിക്കാനും തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറമമ്പാട് ഉദ്ഘാടനം ചെയ്തു. തണല്‍ക്കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍ അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ലത്തീഫ് മാറാഞ്ചേരി, തണല്‍ക്കൂട്ട് ജില്ലാ സമിതി കണ്‍വീനര്‍ ജോഷി ജോസഫ്, വിജയഭേരി ജില്ലാ കോഡിനേറ്റര്‍ റ്റി.സലീം തുടങ്ങിയവര്‍ സംസാരിച്ചു.